വിവാഹ സല്‍ക്കാരത്തിന് ബീഫ് വിളമ്പി; ഗൃഹനാഥന് മര്‍ദ്ദനം; പ്രദേശത്ത് സംഘര്‍ഷാവസ്ഥ; പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

single-img
19 April 2018

മകന്റെ വിവാഹ സല്‍ക്കാരത്തിന് ബീഫ് വിളമ്പി എന്ന സംശയത്തിന്റെ പേരില്‍ മധ്യവയസ്‌കനെ മര്‍ദ്ദിച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ജുമ്മന്‍ മാലിയന്‍ എന്നയാള്‍ക്കാണ് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റത്. ഝാര്‍ഖണ്ഡിലെ കൊഡെര്‍മ ജില്ലയില്‍ നവാദി ഗ്രാമത്തിലാണ് സംഭവം.

ഇതേതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടാവുകയും ഐപിസി 144 പ്രകാരം ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയുമാണ്. നിരവധി വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടാവുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.

തിങ്കളാഴ്ച രാത്രിയാണ് മാലിയന്റെ വീട്ടില്‍ വിരുന്ന് നടന്നത്. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ ഒരു സംഘം മാംസഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടി അത് കാളയുടെതാണെന്ന് ആരോപിച്ചു. കാളയെ അറക്കുന്നത് ഝാര്‍ഖണ്ഡില്‍ നിരോധിച്ചിട്ടുണ്ട്. ഇതേസമയം തടിച്ചുകൂടിയ ജനക്കൂട്ടം പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചുവെങ്കിലൂം അവര്‍ മാലിയന്റെ മര്‍ദ്ദിക്കുകയും വീട് തകര്‍ക്കുകയും ചെയ്തു. സമീപത്തെ ആരാധനാലയത്തിലെ മൈക്കും തകര്‍ത്തു. കൂടുതല്‍ പോലീസ് എത്തിയപ്പോള്‍ ജനക്കൂട്ടം കല്ലെറിഞ്ഞു. നിരവധി വാഹനങ്ങളും ജനക്കൂട്ടം തകര്‍ത്തു.

അക്രമം കൂടുതല്‍ സ്ഥലത്തേക്ക് നീങ്ങിയതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രദേശത്ത് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാളയുടെ മാംസമാണ് വിളമ്പിയത് എന്ന ആരോപണവും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. മാംസത്തിന്റെ ഭാഗങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തുനിന്നും ലഭിച്ച മൃഗത്തിന്റെ കുളമ്പും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.