ജൈന സന്യാസിയാകാന്‍ ഒരുങ്ങി 12കാരന്‍; ദീക്ഷ സ്വീകരിക്കുന്ന ചടങ്ങ് ആഘോഷമാക്കി കുടുംബം

single-img
19 April 2018

സൂറത്ത്: ജൈന സന്യാസിയാകാനുള്ള യാത്രയിലാണ് സൂറത്തിലെ 12കാരന്‍ ഭവ്യ ഷാ. വൈകാരിക ബന്ധങ്ങളും സുഖലോലുപതയും ഉപേക്ഷിച്ചാണ് ചെറുപ്രായത്തില്‍ തന്നെ ഭവ്യ ഷാ ജൈന സന്യാസിയാകാന്‍ ഒരുങ്ങുന്നത്. ഭവ്യയുടെ ആഗ്രഹത്തിന് പൂര്‍ണപിന്തുണ നല്‍കി കുടുംബവും കൂടെയുണ്ട്.

ഇന്നാണ് ഭവ്യ ദീക്ഷ സ്വീകരിക്കുന്ന ചടങ്ങ്. ഇത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം. ”ദൈവം കാണിച്ചുതന്ന സത്യപാത തെരഞ്ഞെടുക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്”, ഭവ്യ ഷാ പറഞ്ഞു. ഇതാണ് സത്യത്തിന്റെ പാതയെന്ന് എന്റെ അച്ഛനും അമ്മയുമാണ് എന്നെ പഠിപ്പിച്ചത്.

അച്ഛനെയും അമ്മയെയും വരെ ഉപേക്ഷിച്ചാണ് ഞാന്‍ സത്യത്തിന്റെ പാതയിലേക്ക് പോകുന്നത്. ഭാവിയില്‍ അവരും എന്റെ പാതയില്‍ വരും ഭവ്യ കൂട്ടിച്ചേര്‍ത്തു. രത്‌ന വ്യാപാരിയായ ദിപേഷ് ഷായാണ് ഭവ്യയുടെ പിതാവ്. ഭവ്യ ദീക്ഷ സ്വീകരിക്കുന്നതില്‍ കുടുംബം വളരെയധികം സന്തുഷ്ടരാണെന്ന് പിതാവ് പറഞ്ഞു.

മകന്‍ ദീക്ഷ സ്വീകരിക്കുന്നതില്‍ സങ്കടമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു പിതാവിന്റെ മറുപടി. നാല് വര്‍ഷം മുമ്പ് ഇവരുടെ മകളും 12ാമത്തെ വയസില്‍ ദീക്ഷ സ്വീകരിച്ചിരുന്നു.