ആര്‍.എസ്.എസിനെ ചെറുക്കാന്‍ മതേതരജനാധിപത്യ ശക്തികള്‍ ഒരുമിക്കണമെന്ന് യെച്ചൂരി

single-img
18 April 2018

ഹൈദരബാദ്: ബിജെപിയെ തോല്‍പിക്കാന്‍ എല്ലാ മതേതരശക്തികളും ഒന്നിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ തോല്‍പിക്കുകയാണ് പ്രധാന ലക്ഷ്യം. അതിന് എല്ലാ ജനാധിപത്യശക്തികളും ഒന്നിക്കണം. ഇതിനുള്ള വഴി 22 ാം പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യെച്ചൂരി പ്രസംഗത്തില്‍ നടത്തിയത്. കഠുവ, ഉന്നാവ് സംഭവങ്ങള്‍ രാജ്യത്തിന് നാണക്കേടായി. ബിജെപി ബലാത്സംഗത്തെ പോലും വര്‍ഗീയ ധ്രുവീകരണത്തിനായി ഉപയോഗിക്കുകയാണ്. രാജ്യത്താകമാനം കേരളത്തിന് എതിരെ തെറ്റായ പ്രചാരണം നടക്കുന്നുണ്ട്.

കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെയും പാര്‍ട്ടിക്ക് എതിരെയും നടക്കുന്ന ആര്‍.എസ്.എസ് ബി.ജെ.പി ആക്രമണങ്ങളെയും യെച്ചൂരി വിമര്‍ശിച്ചു. ഇതിനെ ചെറുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. പ്രസംഗത്തിലുടനീളം യെച്ചൂരി കോണ്‍ഗ്രസിനെ വിമര്‍ശിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

മാത്രമല്ല, കോണ്‍ഗ്രസുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ പരോക്ഷമായ ആഹ്വാനവും അദ്ദേഹത്തിന്റെ പ്രസംഗത്തിലുടനീളം ഉണ്ടായിരുന്നു. ഹൈദരാബാദില്‍ നടക്കുന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉദ്ഘാടന പ്രസംഗത്തിലാണ് യെച്ചൂരി തന്റെ നിലപാട് വ്യക്തമാക്കിയത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്ന് വൈകിട്ടായിരിക്കും കരട് രാഷ്ട്രീയ പ്രമേയം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിക്കുക. അതിന് ശേഷം നേരത്തെ കേന്ദ്രകമ്മിറ്റി തള്ളിക്കളഞ്ഞ കോണ്‍ഗ്രസ് സഹകരണത്തിന് നിര്‍ദേശിക്കുന്ന ബദല്‍ രേഖ യെച്ചൂരി അവതരിപ്പിക്കും.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന് ഇതാദ്യമായാണ് ഒരു ബദല്‍ വരുന്നത്. യെച്ചൂരിയുടെ ബദല്‍ രേഖ അവതരിപ്പിച്ച ശേഷം വിവിധ സംസ്ഥാന ഘടകങ്ങള്‍ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാട് നിര്‍ണായകമാകും. അതിന് ശേഷമായിരിക്കും അന്തിമ നിലപാട് ഇതില്‍ കൈക്കൊള്ളുക.

അതിനായി വോട്ടെടുപ്പ് നടക്കാനും സാധ്യതയുണ്ട്. കേരള ഘടകം കോണ്‍ഗ്രസ് ബന്ധത്തെ ശക്തിയുക്തം എതിര്‍ക്കുമ്പോള്‍ ബംഗാള്‍ ഘടകം കോണ്‍ഗ്രസ് ബന്ധത്തിനായി വാദിക്കുന്നു. പുതിയ പശ്ചാത്തലത്തില്‍ ത്രിപുര ഘടകത്തിന്റെ നിലപാടും രാഷ്ട്രീയ നിരീക്ഷകര്‍ ആകാംക്ഷയോടെ വീക്ഷിക്കുന്നു.