‘ഈ കുഞ്ഞ് കത്വവയിലെ ആ എട്ടുവയസുകാരിയല്ല’; വീഡിയോയുടെ സത്യാവസ്ഥ ഇതാണ്

single-img
18 April 2018

കത്വവയില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെത് എന്ന പേരില്‍ ചില വീഡിയോകള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കത്വവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി പാടിയ അവസാന പാട്ട് എന്നരീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. ഒട്ടേറെ പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

എന്നാല്‍ ഈ വിഡിയോയിലെ കുട്ടി കൊല്ലപ്പെട്ട എട്ടുവയസുകാരിയല്ല എന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തന്റെ ആരാധികയായ പെണ്‍കുട്ടി താനെഴുതിയ ഗാനം ആലപിച്ച്, തനിക്ക് വാട്ട്‌സ്ആപ്പില്‍ അയച്ചുതന്ന വീഡിയോയാണിതെന്നും താനാണിത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും ഇമ്രാന്‍ പ്രതാപ്ഗര്‍ഹി എന്നയാള്‍ പറയുന്നു.

2017 ജൂലൈ 18 നാണ് ഇമ്രാന്‍ ഈ വീഡിയോ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്തത്. കത്വവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മുഖസാദൃശ്യമുള്ളതാണ് ഈ വിഡിയോ ഇത്ര വ്യാപകമായി പ്രചരിക്കാന്‍ കാരണം. വീഡിയോയ്ക്ക് പിന്നിലെ സത്യം എന്താണെന്ന് ലോകത്തെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് ഇമ്രാന്‍.