കാലിന് മുറിവേറ്റ കാമുകിയെ കാണാന്‍ 16ാം തവണയും ആണ്‍കൊറ്റിയെത്തി; അതും 13,000 കിലോമീറ്ററുകള്‍ താണ്ടി

single-img
18 April 2018

ആരുടെയും കരളലിയിക്കുന്നതാണ് കൊറ്റികളായ ക്ലെപ്റ്റന്റെയും മലേനയുടെയും കഥ. കാലിന് മുറിവേറ്റ കാമുകി മലേനയെ കാണാന്‍ ക്ലെപ്റ്റന്‍ 16 തവണയാണ് 13,000 കിലോമീറ്ററുകള്‍ താണ്ടിയെത്തിയത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ കഥ ആരംഭിക്കുന്നത്.

വേട്ടക്കാരാല്‍ കാലിന് മാരകമായി മുറിവേറ്റ പെണ്‍കൊറ്റിയെ സ്റ്റെപാന്‍ വോകിക് എന്നയാള്‍ക്ക് ലഭിച്ചു. അയാള്‍ അവളെ ശുശ്രൂഷിച്ചും പരിപാലിച്ചും രണ്ടാം ജന്മം നല്‍കി. തന്റെ വീടിന്റെ മുകളില്‍ മലേനയക്കും അവളുടെ കാമുകന്‍ ക്ലെപ്റ്റനും താമസിക്കാന്‍ പ്രത്യേക സ്ഥലം നല്‍കി.

അങ്ങനെ ആ വീട്ടില്‍ അവരുടെ പ്രണയം ഇതള്‍ വിരിഞ്ഞു. പരിക്കുള്ളതിനാല്‍ വേനല്‍ക്കാലത്ത് മലേനയുമായി ഇണചേരാന്‍ ക്ലെപ്റ്റന് സാധിച്ചില്ല. അതിനാല്‍ അവരുടെ ബന്ധം വിഫലമാകുമെന്ന് സ്റ്റെപാന്‍ കരുതി. എന്നാല്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തി അവരുടെ സ്‌നേഹം നിലനിന്നു.

ഓരോ വര്‍ഷവും മലേനയെ വോകികിന്റെ സംരക്ഷണത്തില്‍ വിട്ട് കിലോമീറ്ററുകള്‍ അകലെയുള്ള ദക്ഷിണാഫ്രിക്കയിലേക്ക് ക്ലെപ്റ്റന്‍ പോകും. എന്നാല്‍ തന്റെ പ്രണയിനിയെ കാണാന്‍ മാര്‍ച്ച് മാസമാകുമ്പോഴേക്കും ക്ലെപ്റ്റന്‍ തിരിച്ചെത്തിയിട്ടുണ്ടാകും.