വരാപ്പുഴ കസ്റ്റഡിമരണത്തില്‍ വഴിത്തിരിവ്: ശ്രീജിത്തിനെ പിടികൂടിയത് ആളുമാറിയാണെന്ന സ്ഥിരീകരണവുമായി അന്വേഷണ സംഘം

single-img
18 April 2018

വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് ആളു മാറിയാണെന്ന് സ്ഥിരീകരണം. ശ്രീജിത്തിന്റെ വീട്ടുകാരുടെയും സഹോദരന്റെയും മൊഴികള്‍ ഗൗരവമായി എടുത്തിരിക്കുന്ന അന്വേഷണസംഘം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശ്രീജിത്തിനെ പിടികൂടിയതെന്നു കണ്ടെത്തി.

ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട് ആക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ല. കസ്റ്റഡിയില്‍ എടുത്ത ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം പരിചയമുണ്ടായിരുന്നില്ല എന്ന കാരണത്താല്‍ വാസുദേവന്റെ സഹോദരന്‍ ഗണേശനാണ് എസ്പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ഫോഴ്‌സിന് ശ്രീജിത്തിനെ കാണിച്ചു കൊടുത്തത്.

ശ്രീജിത്തിനെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുമ്പോള്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ എടുത്ത ചിത്രങ്ങളും പുറത്തുവന്നു. ഇതില്‍ ശ്രീജിത്തിന് പരിക്കുകളില്ല. വാസുദേവന്റെ വീട് ആക്രമിക്കപ്പെടുമ്പോള്‍ ശ്രീജിത്ത് വീട്ടില്‍ തന്നെ ഉണ്ടായിരുന്നു എന്നാണ് സഹോദരന്‍ നല്‍കിയിരിക്കുന്ന മൊഴി.

ശ്രീജിത് സംഘര്‍ഷത്തില്‍ പങ്കാളിയല്ല എന്ന് വരുമ്പോള്‍ സംഘര്‍ഷത്തിലാണ് പരുക്കേറ്റതെന്ന പൊലീസിന്റെ വാദമാണ് പൊളിയുന്നത്. പരുക്ക് പറ്റിയത് പൊലീസ് കസ്റ്റഡിയില്‍ വച്ചാണ് എന്നുതന്നെ ഉറപ്പാകുന്നു. മരണകാരണമായ ഒട്ടേറെ പരുക്കുകളാണ് ശ്രീജിതിന് ഏറ്റിരുന്നതെന്ന് ചികില്‍സാ രേഖകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

അടിവയറ്റില്‍ ശക്തമായ ചവിട്ടേറ്റു. ഇതിന്റെ ആഘാതം മൂലം ചെറുകുടലില്‍ ഉണ്ടായ നീളത്തിലുള്ള മുറിവാണ് പ്രധാനം. ഇങ്ങനെ പുറത്തുവന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ രക്തത്തില്‍ കലര്‍ന്ന് അണുബാധ ഉണ്ടായി. കൂടാതെ വൃക്കകളും തകരാറിലായി. ഇത്രയൊക്കെ പരുക്കുപറ്റിയ യുവാവിനെ 24 മണിക്കൂറിലധികം കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടും ഒന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന് പൊലീസിന്റെ വാദവും വെറും പൊള്ളയെന്ന് തന്നെ ഉറപ്പാകുന്നു.

ശ്രീജിത്തിനെ വാരാപ്പുഴ എസ്‌ഐ ദീപക്കാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് നേരത്തേ പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. അവധിയിലായിരുന്ന സ്‌റ്റേഷന്‍ എസ്‌ഐ ദീപക് രാത്രി രണ്ടു മണിയോടെ സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് എവിടെവെച്ചാണ്, എങ്ങിനെയാണ് തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിനായി വാസുദേവന്റെ വീട് ആക്രമിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളെയും വിശദമായി ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

പറവൂര്‍ സിഐയുടെ നിര്‍ദ്ദേശപ്രകാരമാണ് ശ്രീജിത്ത് കസ്റ്റഡിയിലാകുന്നത്. ഇതിനായി മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് വരാപ്പുഴ സ്റ്റേഷനില്‍ എത്തിച്ചു. ഈ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് കസ്റ്റഡി മരണത്തില്‍ പ്രതികളാകാന്‍ പോകുന്നത്. പറവൂര്‍ സിഐ മുതല്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ വരെ ഏഴ് പോലീസുകാര്‍ പ്രതികളാകും.

കൊലക്കുറ്റം, അന്യായ തടങ്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് ഉദ്യേഗസ്ഥര്‍ക്കെതിരെ നിരവധി മൊഴികളുണ്ട്. ഇവര്‍ തന്നെ മര്‍ദ്ദിച്ചതായി ഡോക്ടര്‍ക്ക് മുമ്പാകെ ശ്രീജിത്ത് പറഞ്ഞിട്ടുമുണ്ട്. അതിനാല്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. ആറാം തിയതി രാത്രി വീട്ടിലെത്തി ശ്രീജിത്തിനെ ആര്‍ടിഎഫ് കസ്റ്റഡിയിലെടുത്തുവെങ്കില്‍ ശ്രീജിത്തിനെ രാവിലെ എട്ടരയ്ക്ക് കസ്റ്റഡിയിലെടുത്തുവെന്നാണ് കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറവൂര്‍ സിഐ എഴുതിയിരിക്കുന്നത്. ഇത് ഗുരുതരമായ കൃത്യവിലോപമാണ്.