വീണ്ടും ഒന്നിക്കാനൊരുങ്ങി സഞ്ജയ് ദത്തും മാധുരി ദീക്ഷിതും

single-img
18 April 2018

ഒരു കാലത്ത് പ്രണയജോഡികളായിരുന്നു മാധുരി ദീക്ഷിതും സഞ്ജയ് ദത്തും. വിവാഹിതനായിരുന്ന സഞ്ജയ് മാധുരിയെ തന്റെ ജീവിതത്തിലേക്ക് കൂട്ടുമെന്ന് തന്നെയായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ മയക്കുമരുന്ന് കേസില്‍ സഞ്ജയ് ജയിലില്‍ പോയതോടെ ആ ബന്ധം തകരുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജീവിതത്തിലല്ല. സിനിമയില്‍. കരണ്‍ ജോഹറിന്റെ കളങ്ക് എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ച് അഭിനയിക്കുമെന്നാണ് ബോളിവുഡില്‍ നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ചരിത്ര കഥയെ മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, വരുണ്‍ ധവാന്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. അഭിഷേക് വര്‍മ്മനാണ് ചിത്രം സംവിധാനം ചെയ്യുക. കളങ്ക് എന്ന സിനിമ വളരെ അഭിമാനത്തോടും ആകാംഷയോടും കൂടിയാണ് പ്രഖ്യാപിക്കുന്നതെന്ന് കരണ്‍ ട്വിറ്ററില്‍ കുറിച്ചു.

2019 ഏപ്രില്‍ 19ന് ചിത്രം റിലീസ് ചെയ്യും. ‘സഞ്ജയ് ദത്ത്: ദ ക്രേസി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ്’ എന്ന പുസ്തകത്തില്‍ സഞ്ജയ്മാധുരി പ്രണയത്തെക്കുറിച്ച് പ്രമുഖ പത്രപ്രവര്‍ത്തകന്‍ യാസെര്‍ ഉസ്മാന്‍ എഴുതിയത് വന്‍ വിവാദമായിരുന്നു.

അടുത്തിടെ ഒരു ചടങ്ങില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ സഞ്ജയ് ദത്തിനോട് മാധുരിയെ കുറിച്ച് ചോദിച്ചിരുന്നു. മാധുരിയുമായി വീണ്ടും സിനിമയില്‍ ഒന്നിക്കുമോ എന്നായിരുന്നു ചോദ്യം. ഇതില്‍ ദേഷ്യംപൂണ്ട സഞജയ് മറുപടി പറയാതെ ഇറങ്ങിപ്പോവുകയായിരുന്നു.