ലണ്ടനില്‍ എത്തിയ മോദിയെ ‘വരവേറ്റ്’ പ്രതിഷേധക്കാര്‍: ‘മോദിക്ക് സ്വാഗതമില്ല’ എന്ന തലവാചകവുമായി ലണ്ടന്‍ നഗരത്തില്‍ പ്രതിഷേധപ്പെരുമഴ

single-img
18 April 2018

സ്വീഡനിലും ബ്രിട്ടനിലും സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധപ്പെരുമഴ. ഇന്ത്യയില്‍ നടക്കുന്ന ദലിത് ന്യൂനപക്ഷ സ്ത്രീ പീഡനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും അടിച്ചമര്‍ത്തല്‍ രാഷ്ട്രീയത്തിനെതിരെയുമാണു വിവിധ സംഘടനകളും സമൂഹങ്ങളും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

കഠ്‌വയിലെ പെണ്‍കുട്ടിയുടെ ചിത്രം ആലേഖനം ചെയ്ത കൂറ്റന്‍ ഫ്‌ലക്‌സും മോദിക്ക് സ്വാഗതമില്ല എന്ന തലവാചകവുമായി ലണ്ടന്‍ നഗരത്തിലൂടെ ഒരു വാഹനം തന്നെ ഓടി. ബിബിസി ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളില്‍ പ്രതിഷേധക്കാര്‍ക്കു വന്‍ പ്രചാരവും ലഭിച്ചു.

മോദി ബ്രിട്ടനില്‍ തങ്ങുന്ന മൂന്നുദിവസവും പ്രതിഷേധങ്ങളുമായി ലണ്ടന്‍ നഗരത്തില്‍ തുടരാനാണു വിവിധ പ്രതിഷേധക്കാരുടെ തീരുമാനം. ന്യൂപക്ഷങ്ങളും ദലിതരും ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് ഏഷ്യാ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിക്കുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ആര്‍ക്കും പ്രതിഷേധിക്കാന്‍ വിലക്കില്ലാത്ത ബ്രിട്ടനില്‍ വരുംദിവസങ്ങളില്‍ ഈ പ്രതിഷേധാഗ്‌നിക്കു ശക്തികൂടുമെന്നാണു വിലയിരുത്തല്‍. മോദിയെ ഭീകരനായും കൊലപാതകിയായും വിശേഷിപ്പിക്കുന്ന ബാനറുകളും പ്ലക്കാര്‍ഡുകളുമായാണു പ്രതിഷേധക്കാര്‍ ലണ്ടന്‍ നഗരത്തില്‍ അണിനിരക്കുന്നത്.