കുവൈത്തില്‍ ഇഖാമ പുതുക്കുന്ന നടപടി ഓണ്‍ലൈന്‍ വഴിയാക്കുന്നു

single-img
18 April 2018

കുവൈത്തില്‍ വിദേശികളുടെ ഇഖാമ പുതുക്കുന്ന നടപടി ഓണ്‍ലൈന്‍ വഴിയാക്കുന്നു. പരീക്ഷണാര്‍ഥം ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കല്‍ സെപ്റ്റംബറോടെ ഓണ്‍ലൈന്‍ വഴിയാക്കും. വിജയകരമെന്ന് കണ്ടാല്‍ അടുത്ത വര്‍ഷത്തോടെ മുഴുവന്‍ മേഖലയിലും ഇത് നടപ്പാക്കാനാണ് പദ്ധതി.

ഇഖാമ പുതുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ലഭിച്ചാല്‍ അപേക്ഷകനെയും കുടുംബത്തെയും സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ആദ്യ നടപടി. വര്‍ക്ക് പെര്‍മിറ്റും താമസാനുമതിയും സംബന്ധിച്ച വിവരങ്ങള്‍ തൊഴില്‍, താമസകുടിയേറ്റ മന്ത്രാലയത്തില്‍നിന്ന് ശേഖരിക്കും.

വ്യക്തിയുടെ ആരോഗ്യക്ഷമത ആരോഗ്യമന്ത്രാലയത്തില്‍ നിന്നെടുക്കും. കുറ്റാന്വേഷണ വിഭാഗത്തില്‍നിന്നാണ് വിരലടയാളം ശേഖരിക്കുക. നിയമപരമായി മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്ന് സുരക്ഷാ വകുപ്പ് അറിയിക്കുന്നതോടെ ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കും.

ഇങ്ങനെ പുതുക്കിയ ഇഖാമ പാസ്‌പോര്‍ട്ടില്‍ പതിക്കണോ കാര്‍ഡ് സംവിധാനം മതിയോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. പാസ്‌പോര്‍ട്ടില്‍ പതിക്കാനാണ് തീരുമാനമെങ്കില്‍ താമസാനുമതികാര്യ ഓഫീസില്‍ പാസ്‌പോര്‍ട്ട് എത്തിച്ച് സ്റ്റാംപ് ചെയ്ത് വാങ്ങേണ്ടിവരും.

കാര്‍ഡ് സംവിധാനമാണെങ്കില്‍ കിയോസ്‌കുകള്‍ വഴി വിതരണം ചെയ്യും. ഇതിനുള്ള ഫീസും ഓണ്‍ലൈന്‍ വഴി ശേഖരിക്കാനാണ് പദ്ധതി. സമയവും അധ്വാനവും കുറക്കുക എന്നതാണ് ഓണ്‍ലൈന്‍ സംവിധാനം വഴി ലക്ഷ്യമിടുന്നത്.