കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

single-img
18 April 2018

കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിലും തുടര്‍ അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബോധപൂര്‍വമുള്ള സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മീഷണറുടെ നടപടി.

സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നഗരത്തില്‍ പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ ഒരാഴ്ചത്തേക്കു നിരോധിച്ചു. പൊലീസ് ആക്ട് 78, 79 വകുപ്പുകള്‍ പ്രകാരമാണു നിരോധനം. സാമുദായിക വികാരം വ്രണപ്പെടുത്തുന്നതും ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ ബാധിക്കുന്നതുമായ ലേഖനങ്ങള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, സമൂഹമാധ്യമ സന്ദേശങ്ങള്‍, റിക്കോര്‍ഡിങ്ങുകള്‍ അടക്കം പ്രദര്‍ശിപ്പിക്കുന്നതും കൈമാറുന്നതും നിരോധിച്ചു. മാരകായുധങ്ങള്‍, വെടിമരുന്നുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ കൈയ്യില്‍ വയ്ക്കുന്നതും കൊണ്ടു നടക്കുന്നതും നിരോധിച്ചു.

കഠ്‌വ സംഭവത്തിന്റെ പേരില്‍ നാളെ എസ്ഡിപിഐ അടക്കം ചില സാമുദായിക സംഘടനകള്‍ പ്രകടനങ്ങള്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ്‌കുമാറിന്റെ ഉത്തരവ്.