എച്.ഡി.എഫ്.സി ലൈഫിലെ ജീവനക്കാർ കേരളത്തിൽ ഉപരോധസമരം നടത്തുന്നു

single-img
18 April 2018

തിരുവനന്തപുരം: തലസ്ഥാനത്തെ വഴുതക്കാടിൽ സ്ഥിതി ചെയുന്ന എച്.ഡി.എഫ്.സി ലൈഫ് എന്ന കമ്പനിയിൽ പതിമൂന്ന് ജീവനക്കാരെ കഴിഞ്ഞ വെള്ളിയായ്ച്ച (13/08/2018 ) യാതൊരു വിധ കാരണവും കാണിക്കാതെ ഒരു ഇമെയിൽ ഉത്തരവിലുടെ കമ്പനി പിരിച്ചുവിട്ട സാഹചര്യത്തിൽ സ്ഥാപനത്തിലെ ജീവനക്കാർ കേരളത്തിൽ ഉപരോധസമരം നടത്തുന്നു.

കമ്പനിക്ക് ഈ ജീവനക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നതാണ് കാരണമായി ഇ മെയിൽ സന്ദേശത്തിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ കഴിഞ്ഞ ചില മാസങ്ങളായി കമ്പനി ഏകപക്ഷീയമായി പുറപ്പെടുവിച്ച ചില ഉത്തരവുകൾ ന്യൂ ജനറേഷൻ ബാങ്ക് സ് & ഇൻഷുറൻസ് സ്റ്റാഫ് അസോസിയേഷൻ – സി.ഐ.ടി.യു (CITU) എന്ന സംഘടന ചോദ്യം ചെയ്തിരുന്നു.

പോളിസി ചേർക്കുന്നതിന് വേണ്ട രേഖകൾ ഓൺലൈനിൽ തയ്യാറാക്കുന്നതിന് വേണ്ട ഇലക്ട്രോണിക് യന്ത്രം ജീവനക്കാർ സ്വന്തം പണം ചിലവാക്കി വാങ്ങണമെന്ന് കമ്പനി ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന് ഇത് ശരിയല്ലെന്നും ഉപകരണം കമ്പനി നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. പക്ഷേ അത് അംഗീകരിക്കാതെ മാനേജ്മെൻറ് ഭീഷണിപ്പെടുത്തി ജീവനക്കാർ തന്നെ അത് വാങ്ങണമെന്ന് നിർബന്ധിക്കുകയായിരുന്നു.
കൂടാതെ ഇപ്പോൾ ഇതിൻറ തുടർച്ചയായി ബയോമെട്രിക്ക് സിസ്റ്റം കൊണ്ടുവരാനുള്ള തീരുമാനമെടുത്ത ഉടൻ മാനേജ്മെൻറ് ഈ ഉപകരണവും ജീവനക്കാരൻ സ്വന്തം ചിലവിൽ വാങ്ങണമെന്ന് ഉത്തരവിറക്കി.

ഈ നിലപാട് ശരിയല്ലെന്നും ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവരുടെ ജോലിയുമായി ബന്ധപ്പെട്ട സ്റ്റേഷനറിയും ഇതര ഉപകരണങ്ങളും വാങ്ങി നൽകാനുള്ള ചുമതല മാനേജ്മെന്റിനാണെന്നും, ജീവനക്കാർ അവരുടെ ശബളത്തിൽ നിന്നും ഇത് വാങ്ങണം എന്ന് നിർബന്ധിക്കുന്നത് സ്വീകരിക്കാൻ സാധ്യമല്ലെന്നും യൂണിയൻ നിലപാടെടുത്തു.

അതേസമയം അങ്ങനെയെങ്കിൽ ജീവനക്കാർക്ക് അവരുടെ ശബളം കൊടുക്കില്ല എന്നാണ് മാനേജ്മെൻറ് സർക്കുലറിലൂടെ അറിയിച്ചത്. കഴിഞ്ഞ രണ്ടു മാസമായി ശബളം കൊടുക്കുന്നതിന് തടസ്സമുണ്ടാകുകയും, തുടർന്ന് യൂണിയൻറ ഇടപെടലിനെ തുടർന്ന് പിടിച്ചു വെച്ച ശബളം കൊടുക്കുന്ന സ്ഥിതിയും ഉണ്ടായി.

എന്നാൽ കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വീണ്ടും ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 1000 രൂപ വീതം മാനേജ്മെൻറ് പിടിച്ചു വെച്ചു. ഈ നടപടികളിൽ പ്രതിഷേധിച്ച് സംഘടന കേന്ദ്ര ലേബർ കമ്മീഷണറുടെ മുന്നിൽ തർക്കം ഉന്നയിക്കയും 22 -)o തീയതി പണിമുടക്ക് സമരം നടത്തുമെന്ന് നോട്ടീസ് കൊടുത്തതിൻറ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ ഒരു ചർച്ച തിങ്കളാഴ്ച നടത്താൻ തീരുമാനിച്ചു. ഇതിനിടയിലാണ് പൊടുന്നനെ വീണ്ടും ഹാജർ രേഖപ്പെടുത്തുന്നതിനുള്ള സ്വകര്യം തടസ്സപ്പെടുത്തുന്ന രീതിയിൽ മാനേജ്മെൻറിൻറ ഭാഗത്തു നിന്നും നീക്കം കഴിഞ്ഞ വെള്ളിയായ്ച്ചയുണ്ടായത്.

ഇതിൽ പ്രതിഷേധിച്ച് ജീവനക്കാർ കമ്പനിയുടെ എറണാകുളത്തുള്ള റീജിയണൽ ഓഫീസിനു മുമ്പിൽ പ്രതിഷേധ പ്രകടനവും നടത്തി. ഇതിനു തൊട്ടുപുറകെയായിരുന്നു അന്നേ ദിവസം വൈകിട്ട് പ്രതികാരനടപടിയെന്നോണം പതിമൂന്നു ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് മാനേജ്മെൻറ് ഇറക്കിയത്. മാത്രമല്ല പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കാതിരുന്ന സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളേയും പിരിച്ചുവിട്ടു.

അനുരജ്ഞന ചർച്ചയുടെ മധ്യത്തിൽ പ്രശ്നങ്ങൾ പരിശോധിക്കപ്പെടുന്നതിനു മുമ്പ് ഏപക്ഷീയമായി എടുത്ത ഈ നടപടിയുടെ ഭാഗമായി ട്രെയ്ഡ് യൂണിയൻ നിയമങ്ങളും, തൊഴിൽ നിയമങ്ങളും വരെ മാനേജ്മെൻറ് ലംഘിച്ചിരിക്കുകയാണ്.

തിങ്കളാഴ്‌ച നടന്ന ചർച്ചയിൽ പിരിച്ചുവിട്ട ഉത്തരവ് പിൻവലിക്കണമെന്ന യൂണിയൻറ ആവശ്യം അംഗീകരിക്കാൻ മാനേജ്മെൻറ് തയ്യാറായില്ല. ഇത്തരത്തിലുള്ള കാടൻ നടപടികൾ എച്.ഡി.എഫ്.സി മാനേജ്മെൻറ് കഴിഞ്ഞ കുറേ നാളുകളായി തുടർന്നു വരികയാണ്. ഇതിനെ സംഘടന ചോദ്യം ചെയ്യുന്നു എന്നതിനാൽ സംഘടനയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ജീവനക്കാർക്കെതിരെ ഇത്തരത്തിലുള്ള ആക്രമണം അഴിച്ചുവിട്ടിട്ടുള്ളതെന്നും ആരോപണം ഉണ്ട്. ഇവർ എല്ലാവരും തന്നെ സംഘടനാ ഭാരവാഹികളും, കമ്മിറ്റി അംഗങ്ങളും, മെംമ്പർമാരുമാണ്.

ഈ സ്ഥിതിയിൽ മാനേജ്മെൻറിൻറ നിലപാടു തിരുത്തി പിരിച്ചുവിട്ടവർക്കെതിരെയുള്ള ഉത്തരവ് പിൻവലിക്കും വരെ കേരളത്തിലെ എച്.ഡി.എഫ്.സി സ്ഥാപനങ്ങളുടെ ശാഖകൾ ഉപരോധിക്കാൻ സംഘടന തീരുമാനിച്ചിരിക്കുകയാണ്.

കേരളം പോലുള്ള സംസ്ഥാനത്ത് കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവമാണിതെന്നും ഒരു തൊഴിൽ സ്ഥാപനത്തിലും തൊഴിലിനു വേണ്ട ഉപാധികൾ ജീവനക്കാർ സ്വന്തം ചിലവിൽ വാങ്ങണമെന്ന് നിർബന്ധം പിടിക്കുന്ന സ്ഥിതിവിശേഷം, തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും CITU തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി മെമ്പറുമായ കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.

ഈ നടപടി അനുവദിക്കപ്പെട്ടാൽ ഇതര കോർപ്പറേറ്റ് സ്ഥാപനങ്ങളും ഇവരെ അനുകരിച്ച് ഇതേ നയം തുടർന്നാൽ പഴയ അടിമ ഉടമ ബന്ധത്തേക്കാൾ മോശമായ സ്ഥിതി ആയിരിക്കും തൊഴിൽ രംഗത്തുണ്ടാവുകയെന്നും അത് ഒരിക്കലും അനുവദിക്കുന്ന പ്രശ്നം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.