സര്‍വകലാശാല അധികൃതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ഥിനികളെ അധ്യാപിക പ്രേരിപ്പിച്ച സംഭവം: തമിഴ്‌നാട് രാജ്ഭവനും സംശയത്തില്‍

single-img
18 April 2018

ചെന്നൈ: സര്‍വകലാശാല അധികൃതര്‍ക്കു ‘വഴങ്ങിക്കൊടുക്കാന്‍’ പെണ്‍കുട്ടികളെ അധ്യാപിക പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡി.ക്കു കൈമാറി. ചൊവ്വാഴ്ച തമിഴ്‌നാട് ഡി.ജി.പി. ടി.കെ. രാജേന്ദ്രനാണ് അറുപ്പുകോട്ടൈ പോലീസില്‍നിന്ന് അന്വേഷണം സി.ബി.സി.ഐ.ഡി.ക്കു കൈമാറിയത്.

അതിനിടെ പ്രൊഫസര്‍ക്ക് ഗവര്‍ണറുമായി അടുത്ത ബന്ധമുണ്ടെന്ന വിവാദം തമിഴ്‌നാട് രാജ്ഭവനെ പിടിച്ചുകുലുക്കുന്നു. തമിഴ്‌നാട് ഗവര്‍ണര്‍ ഡോ. ബന്‍വാരിലാല്‍ പുരോഹിതുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും റാക്കറ്റിനെക്കുറിച്ച് ഗവര്‍ണര്‍ക്ക് അറിയാമെന്നും അറസ്റ്റിലായ അസി. പ്രഫസര്‍ നിര്‍മല ദേവിയുടെ ഫോണ്‍ സന്ദേശമാണ് രാജ്ഭവനെ പ്രതിക്കൂട്ടിലാക്കിയത്.

തുടര്‍ന്ന് ഗവര്‍ണര്‍ ചൊവ്വാഴ്ച വൈകീട്ട് രാജ്ഭവനില്‍ അടിയന്തര വാര്‍ത്തസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ നിഷേധിച്ചു. താന്‍ അവരെ കണ്ടിട്ടുപോലുമില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍ ബി.ജെ.പി എം.പിയും മുതിര്‍ന്ന സംഘ്പരിവാര്‍ നേതാവും കൂടിയായിരുന്ന ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് മക്കളും പേരമക്കളും ഉണ്ട്. തന്നെ കണ്ടാല്‍ അത്തരക്കാരനല്ലെന്ന് തോന്നില്ലേയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

അതേസമയം പോലീസ് ചൊവ്വാഴ്ച നിര്‍മലാ ദേവിയെ വീണ്ടും ചോദ്യം ചെയ്ത് മാര്‍ച്ച് 15 ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. രണ്ടു മൊബൈല്‍ ഫോണുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സര്‍വകലാശാലയിലെ ചില ഉന്നതോദ്യോഗസ്ഥരോട് ഇവര്‍ സംസാരിച്ചതായി വ്യക്തമായിട്ടുണ്ട്.

മൊബൈലില്‍ ഒട്ടേറെ പെണ്‍കുട്ടികളുടെ ചിത്രങ്ങളും സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച മധുര കാമരാജ് സര്‍വകലാശാലയ്ക്കു മുന്നില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ ധര്‍ണ നടത്തി. റിട്ട. ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

അറസ്റ്റിലായ അറുപ്പുക്കോട്ടയിലെ ചൊക്കലിംഗപുരം സ്വദേശിയായ നാല്‍പത്തിയാറുകാരി നിര്‍മലാദേവി പത്തു വര്‍ഷമായി ദേവാംഗ കോളേജിലെ അധ്യാപികയാണ്. അച്ഛന്‍ റിട്ടയേര്‍ഡ് അധ്യാപകനാണ്. ചൊക്കലിംഗപുരത്തെ സ്വകാര്യ സ്‌കൂളിലെ പഠനശേഷം ദേവാംഗ ആര്‍ട്‌സ് കോളേജില്‍ നിന്ന് ബിരുദവും മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 2008 ജനുവരി മൂന്നിന് ദേവാംഗ ആര്‍ട്‌സ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ ചേര്‍ന്നു.

ഭര്‍ത്താവ് നഗരസഭാ ഓഫീസ് ജീവനക്കാരനാണ്. രണ്ടു വര്‍ഷം മുമ്പ് നിര്‍മാലദേവി കുടുംബവുമായി അകന്ന് തനിച്ചു താമസിക്കുകയായിരുന്നു. രണ്ടു പെണ്‍മക്കള്‍ അച്ഛനൊപ്പമാണ് താമസിച്ചിരുന്നത്. മൂത്ത മകള്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ബി.ഡി.എസിനു പഠിക്കുന്നു. ഇളയ മകള്‍ ഒമ്ബതാം തരം വിദ്യാര്‍ഥിനിയാണ്.