വ്യാജവാര്‍ത്തയുണ്ടാക്കാന്‍ ബിജെപിക്ക് സോഷ്യല്‍ മീഡിയ എന്തിന്?; മോദിയുണ്ടല്ലോ; പരിഹാസവുമായി ദിവ്യ സ്പന്ദന

single-img
18 April 2018

ബിജെപിക്ക് വ്യാജവാര്‍ത്തകളുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലെ പോരാളികളൊന്നും വേണ്ട, സ്വന്തമായി ഒരു പ്രധാനമന്ത്രി തന്നെയുണ്ടെന്ന് നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം മതിയെന്നും ദിവ്യ പരിഹസിച്ചു.

കര്‍ണാാടക തിരഞ്ഞെടുപ്പ് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ദിവ്യ മോദിയെയും ബിജെപിയും കണക്കിന് പരിഹസിച്ചത്. കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമങ്ങളുടെ ചുമതല വഹിക്കുന്നയാളാണ് മുന്‍ എംപി കൂടിയായ ദിവ്യ സ്പന്ദന.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഏറ്റവും വെല്ലുവിളിയാവുക വ്യാജവാര്‍ത്തകളും പ്രചരണങ്ങളുമാണെന്ന് ദിവ്യ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ബിജെപി നടത്തുന്ന പ്രചരണങ്ങളെ മറികടക്കാന്‍ കോണ്‍ഗ്രസിന് എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിനാണ് പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ ദിവ്യ ഗുരുതര പരാമര്‍ശം നടത്തിയത്.

ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്, അങ്ങനെയുള്ളപ്പോള്‍ എന്ത് ചെയ്യാനാകുമെന്ന് ദിവ്യ ചോദിച്ചു. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പാകിസ്താനുമായി ബന്ധമുണ്ടെന്ന് മോദി പറഞ്ഞില്ലേയെന്നും ദിവ്യ ആരാഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ മോദി ഉന്നയിക്കാറുണ്ടെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.