മഹാഭാരതകാലത്ത് തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റുണ്ടായിരുന്നു:മണ്ടന്‍ പ്രസ്താവനയുമായി ബിജെപി ത്രിപുര മുഖ്യമന്ത്രി

single-img
18 April 2018

അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും ഇന്റര്‍നെറ്റ് എത്തുന്നതിനേക്കാള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്ന്‌ ബി.ജെ.പി നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലവ് ദേബ് കുമാര്‍. പൊതുവിതരണ വകുപ്പിന്റെ പ്രാദേശിക ശില്‍പശാലയില്‍ സംസാരിക്കവേയാണ് ബിപ്ലവ് ദേബ് ഈ അവകാശവാദം നടത്തിയത്.

മഹാഭാരതകാലത്ത് തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റും കൃത്രിമ ഉപഗ്രഹങ്ങളുമുൾപ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ നിലവിലുണ്ടായിരുന്നു. പലരും ഈ വസ്തുത തള്ളിക്കളഞ്ഞേക്കാം. എന്നാല്‍ ഇന്റർനെറ്റ് ഇല്ലായിരുന്നുവെങ്കില്‍ എങ്ങനെയാണ് സഞ്ജയന് കുരുക്ഷേത്രയുദ്ധത്തെപ്പറ്റി ധൃതരാഷ്ട്രര്‍ക്ക് വിശദീകരിച്ച് നല്‍കാനാവുക. അതിനര്‍ഥം അക്കാലത്ത് സാറ്റലൈറ്റും ഇന്റെര്‍നെറ്റും ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഈ നാട്ടില്‍ നിലവിലുണ്ടായിരുന്നുവെന്നാണ്- ബിപ്ലബ് ദേബ് പറഞ്ഞു.

ഇത്തരം അത്യാധുനിക സാങ്കേതിക വിദ്യകള്‍ നിലവിലുണ്ടായിരുന്ന രാജ്യത്ത് ജനിക്കാന്‍ സാധിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും ബിപ്ലബ് ദേബ് പറഞ്ഞു. സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ എന്നവകാശപ്പെടുന്ന രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരെയാണ് അവരുടെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താന്‍ ജോലിക്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂര്‍, മിസോറാം, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ സാക്ഷിയാക്കിയാണ് അഗര്‍ത്തലയിലെ പ്രഗ്യാന്‍ ഭവനില്‍ നടന്ന യോഗത്തില്‍ ബിപ്ലബ് ദേബിന്റെ പരാമര്‍ശം.