കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു; വധശ്രമമെന്ന് ആരോപണം

single-img
18 April 2018

ബംഗളൂരു: കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. അപകടം തനിക്ക് നേരെയുണ്ടായ വധശ്രമമാണെന്ന് ആരോപിച്ച് മന്ത്രി രംഗത്ത് വന്നതോടെ പുതിയ വിവാദത്തിനും തുടക്കമായി. ചൊവ്വാഴ്ച രാത്രി 11.30ഓടെ ആയിരുന്നു സംഭവം.

കര്‍ണാടകയിലെ ഹവേരി ജില്ലയിലുള്ള റാണെബെന്നുരിലാണ് ഹെഗ്‌ഡേയുടെ വാഹനവ്യൂഹത്തിലേക്ക് ട്രക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ കേന്ദ്രമന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. മന്ത്രിക്ക് പരിക്കൊന്നുമില്ല. ഇടിയുടെ ആഘാതത്തില്‍ അകമ്പടി വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നാലെയാണ് അനന്ത്കുമാര്‍ ഹെഗ്‌ഡേയുടെ വാഹനം ഉണ്ടായിരുന്നത്. അപകടം കണ്ട് ഡ്രൈവര്‍ പെട്ടന്ന് വാഹനം നിയന്ത്രിച്ചതിനാല്‍ താന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. തെറ്റായ വശത്തുകൂടിയാണ് അപകടമുണ്ടാക്കിയ ട്രക്ക് കയറിവന്നതെന്നും മുന്നിലുണ്ടായിരുന്ന വാഹനത്തെ ഇടിച്ചതിന് ശേഷം താന്‍ സഞ്ചരിച്ച കാറിനെയും ഇടിക്കാന്‍ ട്രക്ക് ഓടിച്ചയാള്‍ ശ്രമിച്ചുവെന്നും ഹെഗ്‌ഡേ പിന്നീട് ട്വിറ്ററില്‍ കൂടി വ്യക്തമാക്കി.

ട്രക്കില്‍ നിന്ന് രക്ഷപ്പെടാന്‍ കാറിന്റെ വേഗം കൂട്ടി പെട്ടന്ന് മറികടക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അപകടത്തിന് കാരണമായ ട്രക്കിന്റെ ഡ്രൈവറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.