അപ്രഖ്യാപിത ഹര്‍ത്താലിനിടെ അക്രമം: അറസ്റ്റിലായവര്‍ ആയിരം കടന്നു

single-img
18 April 2018

വാട്‌സാപ്പ് ഹര്‍ത്താലിന്റെ മറവിലുള്ള ആക്രമണത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആയിരത്തി ഒരുന്നൂറ്റി രണ്ടായി. കോഴിക്കോട് 228 പേരും കാസര്‍കോട് 104 ഉം കണ്ണൂരില്‍ ഇരുന്നൂറ്റി നാലും വയനാട്ടില്‍ അന്‍പത്തി ഒന്നും മലപ്പുറത്ത് ഇരുന്നൂറ്റി അന്‍പതും പാലക്കാട് ജില്ലയില്‍ 189 പേരും അറസ്റ്റിലായി.

വിവിധ ജില്ലകളിലായി 1900 പേര്‍ക്കെതിരെ കേസെടുത്തു. യുവാക്കളുടെ വലിയൊരു ശൃംഖല ഹര്‍ത്താലിന്റെ പേരിലുള്ള ആക്രമണത്തിനുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് ദിവസം മുന്‍പ് തന്നെ ഇവര്‍ യോഗം ചേര്‍ന്ന് വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കി.

ഇതുവഴി രാഷ്ട്രീയസ്വാധീനം ഉയര്‍ത്തുകയായിരുന്നു ലക്ഷ്യമെന്നാണ് പിടിയിലായവരുടെ മൊഴി. പിടിയിലായവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. ചില തീവ്രവാദ സംഘടനകളാണ് ഹര്‍ത്താലിന് പിന്നിലെന്നും സാമുദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.

കഠ്‌വ പീഡനത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് രാജ്യദ്രോഹമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. ഹര്‍ത്താലിന് പിന്നില്‍ എസ്.ഡി.പി.ഐ വെല്‍ഫെയര്‍ പാര്‍ട്ടികളാണെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു.