Kerala

അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി; തിരിച്ചറിയാന്‍ സഹായിച്ചത് വിവാഹ മോതിരം

അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു. സന്ദീപ് തോട്ടപ്പിള്ളി(42), ഭാര്യ സൗമ്യ(38), മക്കളായ സിദ്ധാന്ത് (12), സാച്ചി(9) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിനോദയാത്രയ്ക്ക് പോയ ഇവരുടെ വാഹനം വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയതിനെ തുടര്‍ന്നാണ് ഇവരെ കാണാതായത്. മുങ്ങിയപോയ കാറും ലഭിച്ചതായി പോലീസ് അറിയിച്ചു.

സന്ദീപ് തോട്ടപ്പിള്ളി അമേരിക്കയില്‍ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റായിരുന്നു. നാലാംഗ കുടുംബം പോര്‍ട്ട് ലാന്‍ഡില്‍ നിന്നും സാന്‍ ജോസിലേക്കാണ് വിനോദ യാത്രയ്ക്ക് വേണ്ടി പോയത്. ദിവസങ്ങളോളം ഇവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നില്ല.

കാര്‍ ഒഴുക്കില്‍പ്പെട്ടത്, തൊട്ടുപിറകിലുണ്ടായിരുന്ന പ്രൊഫസറും കുടുംബവും നേരില്‍ കണ്ടിരുന്നു. എന്നാല്‍, മുന്‍പെ പോയിരുന്ന കാര്‍, ചുവന്ന കാര്‍ മാത്രമാണെന്നാണ് അവര്‍ക്ക് ഓര്‍മയുണ്ടായിരുന്നത്. സംഭവം കണ്ടയുടന്‍ അവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഉടനെ പോലീസും ഹെലികോപ്ടറും എത്തി ഈല്‍ നദിയില്‍ ഒരുപാട് നേരം നിരീക്ഷണ പറക്കല്‍ നടത്തിയെങ്കിലും കൂടുതല്‍ വിവരം ലഭിക്കാനോ കാര്‍ കിടന്ന സ്ഥലം കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഈ കുടുംബം അപകടത്തില്‍പ്പെട്ടതിന്റെ ലക്ഷണമൊന്നും ആദ്യം അവര്‍ക്ക് ലഭിച്ചില്ല.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ സൗമ്യയുടെ ഹാന്‍ഡ് ബാഗാണ് ആദ്യം ലഭിച്ചത്. അതില്‍ പേര് കുത്തിയ വിവാഹമോതിരം മറ്റും ഉണ്ടായിരുന്നു. അതില്‍ നിന്നുമാണ് നദിയില്‍പ്പെട്ട കുടുംബത്തിന്റെ തിരിച്ചറിയാനുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം കാര്‍ കണ്ടെടുക്കുമ്പോള്‍ നദിയിലെ ചെളിയില്‍ പൂണ്ട നിലയിലായിരുന്നു.

പോലീസും രക്ഷാപ്രവര്‍ത്തകരും നടത്തിയ തിരിച്ചിലാണ് നദിയില്‍നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സന്ദീപിന്റെ മൃതദേഹം കാറിന്റെ പിന്‍ഭാഗത്തായിരുന്നു കാണപ്പെട്ടത്. കുട്ടികളെ രക്ഷിക്കാന്‍ വേണ്ടി പിന്‍ഭാഗത്തേക്ക് പോയതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. രൂക്ഷമായ മഴ തുടര്‍ന്നതാണ് മറ്റു മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് വൈകിയതെന്ന് പൊലീസ് അറിയിച്ചു.

മൃതദേഹങ്ങളുടെ അവസ്ഥ മോശമായതിനാല്‍ ഇന്ത്യയിലെത്തിക്കാന്‍ കഴിയില്ലെന്ന് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ 15 ദിവസത്തില്‍ കൂടുതല്‍ മോര്‍ച്ചറിയിലും സൂക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍ അവിടെ തന്നെ സംസ്‌കാരിക്കാനുള്ള സംവിധാനം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്.

2016ലാണ് അവസാനമായി ഇവര്‍ നാട്ടിലെത്തിയത്. സൂററ്റിലുള്ള സന്ദീപിന്റെ കുടുംബവും കാക്കനാട്ടുള്ള വീട്ടില്‍ അന്നെത്തിയിരുന്നു. രണ്ട് മാസക്കാലം നാട്ടില്‍ ചെലവഴിച്ച ശേഷമാണ് സൗമ്യയും കുടുംബവും യു.എസിലേക്ക് മടങ്ങിയത്. അടുത്ത കൊല്ലം വരാനിരിക്കെയാണ് അപകടമുണ്ടായത്.

മകളുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനുള്ള അവസാന ശ്രമത്തിലാണ് അച്ഛന്‍ സോമനാഥന്‍ പിള്ള. ഇവരുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചിരിക്കുകയാണ്. ഇത് പുതുക്കാനായി ഓടി നടക്കുകയാണ് അപകടമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ മകന്‍ ലിഖിത്. കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട് പുതുക്കിയിട്ടു വേണം, ചെന്നൈയില്‍ എത്തി വിസ ശരിയാക്കാന്‍.
അതിന് ശേഷം വേണം യു.എസിലേക്ക് പോകാന്‍. എന്നാല്‍ ഇത് സാധിക്കുമെന്ന് സോമനാഥന്‍ പിള്ളയ്ക്ക് ഉറപ്പില്ല.