പകല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ അമ്മയെന്ന് വിളിക്കും; രാത്രി കിടക്കയിലേക്ക് ക്ഷണിക്കും; തുറന്നടിച്ച് പ്രമുഖ നടിമാര്‍

single-img
17 April 2018

കാസ്റ്റിങ്ങ് കൗച്ചിനെതിരെ വിവസ്ത്രയായി നടി ശ്രീറെഡ്ഢി തെരുവില്‍ പ്രതിഷേധമറിയിച്ചതിനു പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും രംഗത്ത്. സിനിമാമേഖലയില്‍ നടക്കുന്ന ചൂഷണങ്ങള്‍ തുറന്നുപറഞ്ഞ് 15 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വാര്‍ത്താസമ്മേളനം നടത്തി.

‘സിനിമയില്‍ നല്ലൊരു റോളു കിട്ടാന്‍ ഞങ്ങള്‍ക്ക് എന്തും ചെയ്യേണ്ടിവരുന്നു. ചിലപ്പോള്‍ അവരുടെ ലൈംഗികാവശ്യങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ടി വരും. ചിലപ്പോള്‍ തൊലിയുടെ നിറം തന്നെ മാറ്റേണ്ടിവരും’ എന്നാണ് നടിമാര്‍ പറഞ്ഞത്. 10 വര്‍ഷമായി തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന സന്ധ്യാനായിഡുവിന്റെ വാക്കുകള്‍ ഇങ്ങനെ:

കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ സിനിമാ രംഗത്ത് സജീവമാണ്. അമ്മയുടെയും അമ്മായിയുടെയുമെല്ലാം വേഷമാണ് പ്രധാനമായും ലഭിക്കാറുള്ളത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ എല്ലാവരും അമ്മ എന്നു മാത്രമാണ് വിളിക്കാറുള്ളത്. എന്നാല്‍, രാത്രിയായാല്‍ ഇവരുടെ അമ്മ വിളികള്‍ നിലയ്ക്കും.

കൂടെ കിടക്കാന്‍ ചെല്ലുമോ എന്നാണ് പലരുടെയും ആവശ്യം. മികച്ച റോള്‍ നല്‍കുന്നതിനുള്ള കൂലിയാണിതെന്നാണ് ഇവരുടെ വാദം. വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്യുന്നവര്‍ക്ക് അറിയേണ്ടത് എന്ത് വേഷമാണ് ഞാന്‍ ധരിച്ചിരിക്കുന്നത്. സുതാര്യമായതാണോ, എന്താ നിറം എന്നൊക്കെയാണ്.

സ്വന്തം മക്കളുടെ പ്രായമുള്ള പതിനേഴ് വയസ്സുള്ള അസിസ്റ്റന്റുകളടക്കമുള്ളവര്‍ക്കും നടിമാര്‍ കാമപൂര്‍ത്തികരണത്തിനുള്ളതാണെന്ന ധാരണയുണ്ടെന്നും സന്ധ്യാ നായിഡു പറഞ്ഞു. മാനേജര്‍ കാരവന്‍ ഉപയോഗിക്കാമെന്ന് പറഞ്ഞാലും അതിന് ഞങ്ങള്‍ക്ക് അനുവാദമില്ല.

സാരിയുടെ മറവിലും ഏതെങ്കിലും കെട്ടിടത്തിന്റെ മറവിലും നിന്നാണ് കോസ്റ്റ്യൂം മാറുന്നതുപോലും. വലിയ താരങ്ങള്‍ക്ക് രാജകീയ പരിഗണന നല്‍കുമ്പോള്‍ ഞങ്ങളെ പുഴുക്കളെപ്പോലെയാണ് കരുതുന്നത്– സുനിത റെഡ്ഢി പറയുന്നു. ഇതിനെതിരെ ശക്തമായ സംഘടന വേണമെന്നും തിരഞ്ഞെടുപ്പിലൂടെ പ്രതിനിധികളെ തിരഞ്ഞെടുത്ത് ടോളിവുഡിലെ ചൂഷണം അവസാനിപ്പിക്കണമെന്നുമാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ആവശ്യം. സ്ത്രീകള്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന മേഖലയായി ടോളിവുഡ് മാറേണ്ടത് അത്യാവശ്യമാണെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.