National

ബിരുദം വേണമെങ്കില്‍ ലൈംഗിക ബന്ധത്തിന് തയ്യാറാകണം: വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് കോളേജ് അധ്യാപിക അറസ്റ്റില്‍

ഉയര്‍ന്ന മാര്‍ക്കും ബിരുദവും വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥിനികളെ ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിച്ച വനിതാ പ്രൊഫസര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനികളുമായുള്ള അദ്ധ്യാപികയുടെ ഫോണ്‍ സംഭാഷണം പുറത്തായതിനെ തുടര്‍ന്നാണ് ചെന്നൈ വിരുദനഗറിലെ പ്രശസ്തമായ കോളേജിലെ മാത്തമാറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസറായ നിര്‍മ്മലാ ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കോളേജിന് അംഗീകാരം നല്‍കിയിട്ടുള്ള മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വേണ്ടിയാണ് ഇവര്‍ വിദ്യാര്‍ത്ഥിനികളോട് സംസാരിച്ചത്. ഫോണ്‍ സംഭാഷണം ചോര്‍ന്നതിന് പുറമെ വിദ്യാര്‍ത്ഥിനികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

അറുപ്പുകോട്ടൈയ്ക്കടുത്ത് വീട്ടില്‍ ഒളിവിലായിരുന്നു അധ്യാപിക. തിങ്കളാഴ്ച വൈകീട്ട് പോലീസും റവന്യൂ അധികൃതരും എത്തി വീടിന്റെ പൂട്ടുതുറന്ന് അകത്തുകയറി നിര്‍മല ദേവിയെ അറസ്റ്റുചെയ്യുകയായിരുന്നു. ഇവരെ നേരത്തെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മധുര കാമരാജ് സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. നാലുവിദ്യാര്‍ഥിനികളെ ഫോണില്‍ വിളിച്ച് മധുര കാമരാജ് സര്‍വകലാശാലയിലെ ഉന്നതമേധാവികള്‍ക്ക് ശാരീരികമായി വഴങ്ങിക്കൊടുക്കാന്‍ നിര്‍മല ദേവി നിര്‍ദേശിച്ചെന്നാണ് പരാതി. ഇതിലൂടെ അക്കാദമിക് തലത്തില്‍ ഉയരങ്ങളിലെത്താനും ധാരാളം പണമുണ്ടാക്കാനും കഴിയുമെന്നും അധ്യാപിക ഉപദേശിച്ചു. ഫോണ്‍സംഭാഷണം ചോര്‍ന്നതോടെയാണ് വിവാദമുയര്‍ന്നത്.

വിദ്യാര്‍ഥിനികള്‍ കോളേജ് അധികൃതര്‍ക്ക് പരാതിനല്‍കി. തുടര്‍ന്നാണ് അധ്യാപികക്കെതിരേ നടപടി. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. മാര്‍ച്ച് 15നാണ് നിര്‍മല ദേവി വിദ്യാര്‍ഥികളുമായി ഫോണ്‍സംഭാഷണം നടത്തിയത്. 19 മിനിറ്റുനേരം സംഭാഷണം നീണ്ടു.

‘നിങ്ങള്‍ വേണ്ടതുപോലെ പ്രവര്‍ത്തിച്ചാല്‍ സര്‍വകലാശാല നിങ്ങള്‍ക്ക് സഹായവുമായി ഒപ്പംനില്‍ക്കും. വിവരം പുറത്തുവിട്ടാല്‍ തിക്താനുഭവമായിരിക്കും ഫലം’. തങ്ങള്‍ക്കുവേണ്ടത് സര്‍ക്കാര്‍ ജോലിയാണെന്നു വ്യക്തമാക്കിയപ്പോള്‍ അധ്യാപികയുടെ മറുപടി വൈസ് ചാന്‍സലര്‍ പദവിക്കുപോലും ഇപ്പോള്‍ രാഷ്ട്രീയസ്വാധീനം ആവശ്യമാണെന്നായിരുന്നു. അടുത്തയാഴ്ച വിളിക്കുമ്പോള്‍ ഉത്തരം നല്‍കണമെന്നുപറഞ്ഞാണ് അധ്യാപിക ഫോണ്‍സംഭാഷണം അവസാനിപ്പിക്കുന്നത്.

അതേസമയം, പുറത്തായ സംഭാഷണം തന്റേതാണെന്നും എന്നാല്‍, കുട്ടികള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അധ്യാപിക നിര്‍മല ദേവി പ്രതികരിച്ചു. സംഭാഷണത്തില്‍ സൂചിപ്പിച്ച സര്‍വകലാശാലാ ഉന്നതന്‍ ആരാണെന്ന് വ്യക്തമല്ല.

മധുര സര്‍വകലാശാലയുടെ പേരിന് കളങ്കമുണ്ടാക്കാന്‍വേണ്ടി കെട്ടിച്ചമച്ചതാണിതെന്ന് വൈസ് ചാന്‍സലര്‍ പി.പി. ചെല്ലദുരൈ കുറ്റപ്പെടുത്തി. കോളേജിലെ സാമ്പത്തികക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നാഴ്ച മുന്‍പ് കമ്മിറ്റിയെ നിയമിച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്ന് നടത്തിയ നാടകമാണ് ഇതെന്ന് സംശയിക്കുന്നുണ്ടെന്നും വി.സി. പറഞ്ഞു.