ബിഗ് ബിയുടെ മകളും അരങ്ങേറുന്നു; പക്ഷെ സിനിമയിലല്ല

single-img
17 April 2018

ബച്ചന്‍ കുടുംബം കലാകാരന്‍മാരുടെ കൂട്ടമാണ്. ഹരിവംശറായി ബച്ചന്‍ കവിയായിരുന്നു, പക്ഷേ പിന്‍മുറക്കാരെല്ലാം അഭിനയലോകമാണ് തെരഞ്ഞെടുത്തത്. മകനായ അമിതാഭ് ബച്ചന്‍, മരുമകള്‍ ജയബച്ചന്‍, ചെറുമകന്‍ അഭിഷേക് ബച്ചന്‍, ചെറുമകന്റെ ഭാര്യ ഐശ്വര്യ റായി എന്നിവരെല്ലാം ബോളിവുഡില്‍ വെന്നിക്കൊടി പാറിച്ചു.

എന്നാല്‍ ബച്ചന്‍ കുടുംബത്തില്‍ നിന്നും ഒരാള്‍ മാത്രം വഴിമാറി നടക്കുന്നു. മറ്റാരുമല്ല അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ നന്ദ. ഇടയ്ക്ക് ഫാഷന്‍ ഷോകളില്‍ മാത്രം മുഖം കാണിച്ച് മടങ്ങിയെങ്കിലും ശ്വേത ബച്ചന്‍ മാത്രം എന്തു കൊണ്ട് അഭിനയരംഗത്തേക്ക് എത്തിയില്ലെന്നത് ചര്‍ച്ചയായിരുന്നു.

എന്നാല്‍ തന്റെ വഴി ഏതാണെന്ന് ശ്വേത വ്യക്തമാക്കിയിരിക്കുന്നു. മുത്തച്ഛന്റെ വഴിയായ എഴുത്താണ് ശ്വേത തെരഞ്ഞെടുത്തത്. ശ്വേതയുടെ ആദ്യനോവല്‍ ഒക്ടോബറില്‍ പുറത്തിറങ്ങും. പാരഡൈസ് ടവേഴ്‌സ് എന്നാണ് കന്നിനോവലിന്റെ പേര്. ഹാര്‍പ്പര്‍ കോളിന്‍സാണ് പ്രസാധകര്‍.

അഭിമാനത്തോടെ അമിതാഭ് ബച്ചനാണ് ഈ വാര്‍ത്ത ലോകത്തെ അറിയിച്ചത്. ഒടുവില്‍ ഹരിവംശറായി ബച്ചന്റെ പാരമ്പര്യത്തിന് കുടുംബത്തില്‍ നിന്നൊരു കണ്ണി ഉണ്ടായിരിക്കുന്നു എന്ന് പറഞ്ഞാണ് ബച്ചന്‍ നോവലിനെക്കുറിച്ചുള്ള ഹാര്‍പ്പര്‍ കോളിന്‍സിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ദി പ്രൗഡസ്റ്റ് ഫാദര്‍, മൈ ഡോട്ടര്‍ ഗ്രേറ്റസ്റ്റ് എന്നും താരം ട്വിറ്ററില്‍ കുറിച്ചു.