വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണം ഉരുട്ടിക്കൊലയെന്ന് സംശയം

single-img
17 April 2018

തിരുവനന്തപുരം: വരാപ്പുഴയില്‍ പൊലീസ് ആളുമാറി പിടികൂടിയ എസ്.ആര്‍.ശ്രീജിത്തിനെ ഉരുട്ടിക്കൊന്നതാണെന്ന സംശയം ബലപ്പെടുന്നു. ശ്രീജിത്തിന്റെ ശരീരത്തില്‍ മൂന്നാം മുറ പ്രയോഗിക്കാന്‍ ആയുധം ഉപയോഗിച്ചിരിക്കാമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് ഈ സംശയം ബലപ്പെടുത്തിയത്. ശ്രീജിത്തിന്റെ ഇരുതുടകളിലെയും പേശികള്‍ ഒരുപോലെ ഉടഞ്ഞിരുന്നു.

ലാത്തിപോലുള്ള എന്തോ ആയുധം കൊണ്ടുള്ള പ്രയോഗത്തിലാണ് ഇത്തരത്തില്‍ പരിക്ക് പറ്റിയതെന്നാണ് സംശയമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം സ്ഥിരീകരിക്കാന്‍ അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം വിദഗ്ദ്ധ ഉപദേശം തേടിയിട്ടുണ്ട്. മര്‍ദ്ദനമേറ്റത് എങ്ങനെയാണെന്ന് കണ്ടെത്താനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്.

ഇതിനിടെ ശ്രീജിത്തിനെ മര്‍ദിച്ചത് പൊലീസുകാര്‍ തന്നെയെന്ന നിര്‍ണായക കണ്ടെത്തലും പുറത്തുവന്നു. വരാപ്പുഴ കസ്റ്റഡി മരണക്കേസ് അന്വേഷണസംഘത്തിന്റേതാണ് കണ്ടെത്തല്‍. നാട്ടുകാരുമായുള്ള അടിപിടിക്കുശേഷം കസ്റ്റഡിയിലാവുംവരെ മറ്റ് സംഘര്‍ഷങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ഇക്കാരണത്താല്‍ തന്നെ രാത്രി 10.30 വരെ പരുക്കേല്‍ക്കാന്‍ മറ്റു സാധ്യതകളില്ല.

കസ്റ്റഡിയില്‍ മര്‍ദിച്ചവരെ കണ്ടെത്താന്‍ പൊലീസുകാര്‍ക്ക് നുണപരിശോധന നടത്താനും ഇതോടെ സാധ്യതയേറി. എസ്പി സ്‌ക്വാഡും ലോക്കല്‍ പൊലീസും പരസ്പരവിരുദ്ധ മൊഴി നല്‍കുന്നതാണ് നുണ പരിശോധനയ്ക്ക് മുഖ്യ കാരണം. പൊലീസുകാരുടെ മൊബൈല്‍ കോള്‍ ലിസ്റ്റും പരിശോധിച്ചുവരികയാണ്.