ബിജെപിക്ക് വേണ്ടി വര്‍ഷങ്ങളായി ഞാന്‍ പ്രവര്‍ത്തിക്കുന്നു; എന്നിട്ടും പാര്‍ട്ടി എന്നോട് ഇങ്ങനെ കാണിച്ചല്ലോ?…..മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കര്‍ണാടക ബിജെപി നേതാവ്

single-img
17 April 2018

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് പൊട്ടിക്കരഞ്ഞ് ബി.ജെ.പി നേതാവ് ഷാഷില്‍ നമോശി. ഗുല്‍ബര്‍ഗില്‍ മാധ്യമങ്ങളുടെ മുന്നിലാണ് ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ പൊട്ടിക്കരഞ്ഞത്.

‘ബി.ജെ.പിക്ക് വേണ്ടി വര്‍ഷങ്ങളായി ഞാന്‍ പ്രവര്‍ത്തിക്കുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ തന്റെ പേരില്ല. അത് ശരിക്കും ഞെട്ടലുണ്ടാക്കി. എന്താണ് സംഭവിച്ചതെന്നറിയില്ല. പക്ഷെ ഇത് വളരെ വേദനാജനകമാണ്. വാര്‍ത്താ സമ്മേളനത്തില്‍ നമോശി പറഞ്ഞു.

രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി തിങ്കളാഴ്ച പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗുല്‍ബറഗയില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന ഷാഷില്‍ നമോഷി പരസ്യമായി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധ പ്രകടനവും ടയറുകള്‍ കത്തിച്ച് റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടിയിലെ സീറ്റ് മോഹികള്‍ വ്യാപക പ്രതിഷേധവും അക്രമവും നടത്തിയിരുന്നു. അടുത്ത മാസമാണ് കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.