ആഗസ്റ്റ് 15 മുതല്‍ നടത്തുന്ന പരീക്ഷകള്‍ക്ക് പുതിയ സംവിധാനവുമായി പി.എസ്.സി

single-img
17 April 2018

പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചതിനു ശേഷം പരീക്ഷ എഴുതാതിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ തളയ്ക്കാന്‍ പി.എസ്.സി ബോര്‍ഡ്. അപേക്ഷകരില്‍ പരീക്ഷ എഴുതുമെന്ന് ഉറപ്പുനല്‍കുന്നവര്‍ക്ക് മാത്രം (കണ്‍ഫര്‍മേഷന്‍) പരീക്ഷാകേന്ദ്രം അനുവദിച്ചാല്‍ മതിയെന്ന് പി.എസ്.സി യോഗം തീരുമാനിച്ചു. കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്ക് പരീക്ഷാകേന്ദ്രം അനുവദിക്കില്ല.

ആഗസ്റ്റ് 15 മുതല്‍ നടത്തുന്ന പരീക്ഷകള്‍ക്കാണ് പുതിയ സംവിധാനം നിലവില്‍വരുന്നത്. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പരീക്ഷാകേന്ദ്രം ഒരുക്കിയിരുന്ന പി.എസ്.സി പിന്നീട് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. ഡൗണ്‍ലോഡ് ചെയ്യുന്നവരില്‍ തന്നെ 40 ശതമാനത്തോളം പേരും പരീക്ഷ എഴുതുന്നില്ലെന്നാണ് വിലയിരുത്തല്‍.

ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതാത്തത് മൂലം പരീക്ഷാകേന്ദ്രം ഒരുക്കല്‍, അധ്യാപകരെ സജ്ജമാക്കല്‍, ചോദ്യപേപ്പര്‍ അച്ചടി എന്നിവക്കെല്ലാമായി വന്‍ സാമ്പത്തിക ബാധ്യത വരുന്നു. എഴുതാത്തവര്‍ക്ക് പിഴ ഇടാന്‍ ആലോചിച്ചെങ്കിലും സര്‍ക്കാര്‍ അനുമതികിട്ടിയില്ല. ഈ സാഹചര്യത്തിലാണ് കണ്‍ഫര്‍മേഷന്‍ വാങ്ങുന്നത്.

പരീക്ഷാതീയതിക്ക് 70 ദിവസം മുമ്പ് ആ തീയതി ഉള്‍ക്കൊള്ളുന്ന പരീക്ഷാ കലണ്ടര്‍ പ്രസിദ്ധപ്പെടുത്തുമെന്ന് കമീഷന്‍ അറിയിച്ചു. ഈ കലണ്ടറില്‍ ഓരോ പരീക്ഷയുടേയും തീയതിക്കൊപ്പം തന്നെ കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിനും (അതായത് പരീക്ഷാ തീയതിക്ക് മുമ്പുള്ള 60 മുതല്‍ 40 ദിവസങ്ങള്‍ വരെ), ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് (പരീക്ഷാതീയതിക്ക് മുമ്പ് 15 ദിവസങ്ങള്‍ തുടങ്ങി പരീക്ഷാതീയതി വരെയും) ഉള്ള തീയതികള്‍ പ്രസിദ്ധപ്പെടുത്തും.

പരീക്ഷാ കലണ്ടര്‍ പ്രസിദ്ധപ്പെടുത്തി കഴിഞ്ഞാല്‍ അതില്‍ ഉള്‍പ്പെട്ട ഓരോ തിരഞ്ഞെടുപ്പിലെയും അപേക്ഷകരായ ഉദ്യേഗാര്‍ഥികള്‍ക്ക് കണ്‍ഫര്‍മേഷന്‍, ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് എന്നിവ സംബന്ധിച്ച തീയതികളെപ്പറ്റി പ്രൊഫൈലിലും എസ്എംഎസ് മുഖേനയും അറിയിപ്പ് നല്‍കും.

ഉദ്യോഗാര്‍ഥിക്ക് ലഭിച്ച പ്രൊഫൈല്‍ മെസേജ് ഉദ്യോഗാര്‍ഥി കണ്ടുവെന്നത് മനസ്സിലാക്കുന്നതിനുള്ള സംവിധാനം (തീയതി, സമയം ഉള്‍പ്പെടെ) ഏര്‍പ്പെടുത്തും. കണ്‍ഫര്‍മേഷന്‍ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിന് തനിക്ക് കണ്‍ഫര്‍മേഷന്‍ ലഭിച്ചെന്ന അറിയിപ്പ് പ്രൊഫൈലിലും എസ്എംഎസ് മുഖേനയും നല്‍കും. കണ്‍ഫര്‍മേഷന്‍ കാലയളവ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ കണ്‍ഫര്‍മേഷന്‍ ആയ അപേക്ഷകര്‍ക്ക് മാത്രം പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ച് നല്‍കുന്നതുമാണ് പുതിയ സംവിധാനം.