സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്ന് മോദി 500, 1000 നോട്ടുകള്‍ തട്ടിയെടുത്ത് നീരവ് മോദിയുടെ പോക്കറ്റിലിട്ടുകൊടുത്തു: നാം വീണ്ടും വരിനില്‍ക്കുന്നു: മോദിക്കതിരെ രാഹുല്‍

single-img
17 April 2018

ന്യൂഡല്‍ഹി: രാജ്യത്ത് രൂപം കൊണ്ട കറന്‍സിക്ഷാമത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി ബാങ്കിങ് മേഖലയെ നിലംപരിശാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മുപ്പതിനായിരം കോടിയുമായി നീരവ് മോദി രാജ്യം വിട്ടു.

പ്രധാനമന്ത്രി അതേ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നമ്മുടെ കീശയില്‍നിന്ന് തട്ടിയെടുത്ത് അദ്ദേഹം നീരവിന്റെ പോക്കറ്റില്‍ ഇട്ടുകൊടുത്തതിനെ തുടര്‍ന്നാണ് വരിനില്‍ക്കാന്‍ നാം നിര്‍ബന്ധിതരായതെന്നും രാഹുല്‍ ആരോപിച്ചു.

രാജ്യത്തെ എ.ടി.എമ്മുകളില്‍ കറന്‍സിക്ഷാമം രൂക്ഷമായത് ഇന്നലെയോടെയാണ്. ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും പണം പിന്‍വലിക്കുന്നതില്‍ അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ടായിരം, അഞ്ഞൂറു നോട്ടുകള്‍ പൂഴ്ത്തിവെച്ചെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ആശങ്ക വേണ്ടെന്നും മൂന്നുദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നും കേന്ദ്രധനമന്ത്രാലയം ഉറപ്പുനല്‍കി.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം നാല്‍പ്പത് ശതമാനം വരെയാണ് രാജ്യത്തെ എ.ടി.എമ്മുകളില്‍ കറന്‍സിയുടെ കുറവ്. അതായത് നോട്ടുനിരോധനപ്രഖ്യാപനത്തിന് ശേഷം അനുഭവിച്ച ദുരിതത്തിനോളം തുല്യമായ അവസ്ഥ. ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും കഴിഞ്ഞ മൂന്നുദിവസമായി എ.ടി.എമ്മുകള്‍ പ്രവര്‍ത്തനരഹിതമാണ്. ഡല്‍ഹി, രാജ്‌സഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും പതിനായിരം രൂപയിലധികം പിന്‍വലിക്കാനും സാധിക്കുന്നില്ല.

ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഈ വര്‍ഷമാദ്യം കറന്‍സിക്ഷാമം രൂക്ഷമായപ്പോള്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ എത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. ഉല്‍സവസീസണും മധ്യവേനലവധിയും പ്രശ്‌നം സങ്കീര്‍ണാക്കിയെന്ന് റിസര്‍വ്ബാങ്കും പ്രതികരിച്ചു.

5ലക്ഷം കോടിയുടെ 2000 രൂപാ നോട്ടുകളാണ് നോട്ടുഅസാധുവാക്കലിന് ശേഷം അച്ചടിച്ചത്. ഏപ്രില്‍ ആറുവരെ 18ലക്ഷം കോടിയുടെ കറന്‍സി കൈമാറ്റം നടന്നിട്ടുണ്ടെന്നും റിസര്‍വ്ബാങ്ക് വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്രധനകാര്യസഹമന്ത്രി എസ്.പി.ശുക്ല അറിയിച്ചു.