കരുണാകരന്‍ അനുകൂലികളും ഐ ഗ്രൂപ്പിലെ അസംതൃപ്തരും ഒരുമിക്കുന്നു: കെ. മുരളീധരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ്

single-img
17 April 2018

കൊച്ചി: കെ.മുരളീധരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പിന് തുടക്കമാകുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുളള വിശാല ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയുളളവരാണു മുരളീധരനെ മുന്നില്‍ നിര്‍ത്തി പുതിയ ഗ്രൂപ്പ് രൂപീകരണത്തിനു നീക്കം നടത്തുന്നത്.

ഡിഐസി (കെ) എന്ന പേരില്‍ കെ.കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം പാര്‍ട്ടിയില്‍ നിന്നു പുറത്തു പോവുകയും പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി ഐ ഗ്രൂപ്പിന്റെ ഭാഗമാവുകയും ചെയ്തവരാണ് കൂട്ടായ്മയ്ക്ക് പിന്നില്‍.

രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പഴയ കെ.കരുണാകരന്‍ അനുകൂലികള്‍ ഏറെക്കാലമായി അതൃപ്തരാണ്. സമീപകാലത്ത് നടന്ന കെപിസിസി പുനസംഘടനയില്‍ തഴയപ്പെട്ടെന്ന വികാരമാണ് പുതിയ ഗ്രൂപ്പ് രൂപീകരണ നീക്കങ്ങളുടെ വേഗം കൂട്ടിയത്.

കൊച്ചിയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം രഹസ്യ യോഗവും ചേര്‍ന്നിരുന്നു. മുന്‍ എംഎല്‍എ എം.എ.ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു കൊച്ചിയിലെ കൂട്ടായ്മ. പുതിയ ഗ്രൂപ്പിനെ പറ്റി പരസ്യമായി ഒന്നും പറയുന്നില്ലെങ്കിലും നിലവിലെ ഗ്രൂപ്പ് നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയുണ്ടെന്ന കാര്യം ഇവര്‍ തുറന്നു സമ്മതിക്കുന്നു.