സോഷ്യല്‍ മീഡിയ ഹര്‍ത്താലിനു പിന്നില്‍ എസ്.ഡി.പി.ഐ ?; ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി; മലപ്പുറത്ത് വ്യാപക തിരച്ചില്‍, നൂറോളം അറസ്റ്റ്

single-img
17 April 2018

ഇന്നലെ നടത്തിയ അപ്രഖ്യാപിത ഹര്‍ത്താലിലെ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കു വേണ്ടി പൊലീസ് മലപ്പുറത്തു തിരച്ചില്‍ തുടങ്ങി. വിവിധ സ്റ്റേഷനുകളിലായി നൂറോളം പേരെയാണ് അറസ്റ്റ് ചെയ്തത്. ഭൂരിഭാഗം പേരെയും ജാമ്യത്തില്‍ വിട്ടെങ്കിലും പൊലീസിന്റെ ജോലി തടസ്സപ്പെടുത്താനും പൊതുമുതല്‍ നശിപ്പിക്കാനും മുന്നില്‍നിന്ന പതിനഞ്ചോളം പേരെ റിമാന്‍ഡ് ചെയ്തു.

ഹര്‍ത്താലില്‍ നിറഞ്ഞാടിയത് എസ്.ഡി.പി.ഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും മുസ്ലീം ലീഗിനുള്ളിലെ തീവ്ര ആശയക്കാരുമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹര്‍ത്താല്‍ അനുകൂലികള്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എടക്കര, പൊന്നാനി, താനൂര്‍, മഞ്ചേരി എന്നിവിടങ്ങളില്‍ പൊലീസുകാര്‍ക്കെതിരെ ആക്രമണമഴിച്ചുവിട്ട കൂടുതല്‍ പേരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധികളില്‍ സ്ഥിതി ശാന്തമാണ്.

താനൂര്‍ മേഖലയില്‍ സംഘര്‍ഷം തടയാന്‍ സായുധ കാവല്‍ ഏര്‍പ്പെടുത്തി. കടകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് താനൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ താനൂരില്‍ സന്ദര്‍ശനം നടത്തി. അക്രമസാധ്യത സംബന്ധിച്ചു സര്‍ക്കാരിനു വ്യക്തമായ വിവരം ലഭിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നു കുമ്മനം ആരോപിച്ചു. അതിനിടെ ഹര്‍ത്താലിന്റെ മറവില്‍ പൊതുമുതല്‍ നശീകരണവും അതിക്രമവും നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

വടക്കന്‍ജില്ലകളിലാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് വാഹന ഗതാഗതം തടസപ്പെടുത്തലും അതിക്രമങ്ങളും കൂടുതലായുണ്ടായത്. അതിക്രമങ്ങളില്‍ മുപ്പതോളം പോലീസുകാര്‍ക്കും കെഎസ്ആര്‍ടിസി ജീവനക്കാരും മറ്റുള്ളവരുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും പോലീസിനും എതിരേ അക്രമം അരങ്ങേറുകയും ചെയ്തു.