കംപ്ലെയിന്റ് ‘കോംപ്ലിമെന്റ്’ ആയി; സംഘപരിവാറിനെ വിമര്‍ശിച്ച് പോസ്റ്റിട്ട ദീപക്കിനെതിരെ പരാതി നല്‍കാനെത്തിയ ബിജെപി നേതൃത്വം നാണംകെട്ടു: ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയയും

single-img
17 April 2018

തിരുവനന്തപുരം: കത്വവയിലെ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെയും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ അജണ്ടകളെയും കുറിച്ച് പോസ്റ്റിട്ടതിനു പിന്നാലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ദീപക് ശങ്കരനാരായണനെതിരെ വന്‍ സൈബര്‍ ആക്രമണമാണ് നടന്നത്.

തുടര്‍ന്ന് ദീപക് ജോലി ചെയ്യുന്ന സ്ഥാപനമെന്ന് പറഞ്ഞ് എച്ച്.പി ഇന്ത്യയുടെ ഫേസ്ബുക്ക് പേജിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ദീപക് ശങ്കരനാരായണന്‍ എച്ച്പി ജീവനക്കാരനല്ലെന്നും അദ്ദേഹത്തിന്റെ പോസ്റ്റിലെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും കമ്പനി വക്താവ് അറിയിച്ചതോടെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നാണംകെട്ടു.

ഇതോടെയാണ് ബിജെപി നേതൃത്വം ഡിജിപിക്കു പരാതി നല്‍കാനെത്തിയത്. പ്രകോപനപരമായ ‘കമന്റ്’ നടത്തിയ ദീപകിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപിയുടെ പരാതി. എന്നാല്‍ ‘complaint against facebook post’ എന്നതിനു പകരം ‘compliment against facebook post’ എന്നാണു ബിജെപി നേതൃത്വം നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയിലും മറ്റും ബിജെപി നേതാക്കള്‍ക്കെതിരെ നിരവധി ട്രോളുകളാണ് വരുന്നത്.

നീതി നിര്‍വഹണത്തിന് തടസ്സം നില്‍ക്കുന്ന പക്ഷം ഹിന്ദു ഭീകരവാദത്തിന് വോട്ടു ചെയ്ത ആ 31 ശതമാനത്തെ വെടിവെച്ച് കൊല്ലണമെന്ന ദീപക് ശങ്കരനാരായണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയിലെ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച പോസ്റ്റ് ദീപക് നീക്കം ചെയ്തിരുന്നു.

തന്റെ കുറിപ്പ് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും താന്‍ ജനാധിപത്യത്തിലാണ് അല്ലാതെ ആള്‍ക്കൂട്ടനീതിയിലല്ല വിശ്വസിക്കുന്നതെന്നും ഇന്നലെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ദീപക് വ്യക്തമാക്കി. അതേസമയം ദീപക്കിനെ പിന്തുണച്ച അധ്യാപിക ദീപ നിശാന്തിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം ഇപ്പോഴും ശക്തമായി തുടരുകയുമാണ്.