കത്വ പീഡനം: പ്രതികളെ പിന്തുണച്ച് വീണ്ടും മുന്‍ ബി.ജെ.പി മന്ത്രിയുടെ റോഡ് ഷോ

single-img
17 April 2018

കത്വാ പീഡനക്കേസ് പ്രതികളെ പിന്തുണച്ച ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ ചൗധരി ലാല്‍ സിങിനെ അനുകൂലിച്ച് ജമ്മു കശ്മീരില്‍ പ്രകടനം. കത്വ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നും പരാതിക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രകടനം.

‘നീതിക്കു വേണ്ടിയാണ് ഈ പോരാട്ടം. നീതി ലഭിക്കണമെങ്കില്‍ കേസിലെ യഥാര്‍ഥ പ്രതികളെ തിരിച്ചറിയണം. കേസില്‍ സിബിഐ അന്വേഷണം വേണം’–ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചു ജമ്മുവില്‍നിന്നു കഠ്‌വയിലേക്കു നടത്തുന്ന റോഡ് ഷോ അഭിസംബോധന ചെയ്തു ലാല്‍ സിങ് പറഞ്ഞു.

‘അവള്‍ ഞങ്ങളുടെ സ്വന്തം കുട്ടിയായിരുന്നു. അവള്‍ക്കു നീതി ലഭിക്കാന്‍ വേണ്ടിയാണു ഞങ്ങളുടെ പോരാട്ടം. എന്നാല്‍ ‘ദൂരെ’ താമസിക്കുന്ന പലരും യാഥാര്‍ഥ്യമറിയാതെ കേസ് വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്’–ലാല്‍ സിങ് പറഞ്ഞു. റോഡ് ഷോയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഹിന്ദു ഏകതാ മഞ്ചിന്റെ പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ പ്രതികളെ സംരക്ഷിക്കാന്‍ ബി.ജെ.പി മന്ത്രിമാര്‍ രംഗത്തെത്തിയത് വന്‍ വിവാദമായിരുന്നു. പ്രതികളെ പിന്തുണച്ചു മാര്‍ച്ച് ഒന്നിന് ഹിന്ദു ഏകത മഞ്ച് നടത്തിയ റാലിയെ അഭിസംബോധന ചെയ്താണു വനം മന്ത്രിയായിരുന്ന ലാല്‍ സിങ്ങും വ്യവസായ മന്ത്രിയായിരുന്ന ചന്ദ്ര പ്രകാശ് ഗംഗയും സംസാരിച്ചത്. പതികളെ അറസ്റ്റ് ചെയ്തതിനെ ‘ജംഗിള്‍ രാജ്’ എന്നാണു ഗംഗ വിശേഷിപ്പിച്ചത്.

എന്നാല്‍ ലാല്‍ സിങ്ങിന്റെ പ്രതികരണം, ‘ഈയൊരു പെണ്‍കുട്ടിയുടെ മരണത്തില്‍ എന്തിനിത്ര കോലാഹലം… അങ്ങനെ എത്രയോ പെണ്‍കുട്ടികള്‍ ഇവിടെ മരിക്കുന്നു’ എന്നതായിരുന്നു. ഈ പരാമര്‍ശങ്ങള്‍ വന്‍ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. സംഭവം വിവാദമായതിനു പിന്നാലെയാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇരുവരില്‍ നിന്നും രാജി ആവശ്യപ്പെട്ടത്. സംഭവം ബിജെപിയെയും വലിയ പ്രതിരോധത്തിലേക്ക് തളിളിവിട്ടിരുന്നു.

അതേസമയം ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയായ ഉന്നാവോ പീഡനക്കേസില്‍ സിബിഐ നാലാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. നേരത്തെ കത്വ പീഡന കേസില്‍ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന പിതാവിന്റെ ആവശ്യത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. കുടുംബത്തിനും അഭിഭാഷകയ്ക്കും സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ പെണ്‍കുട്ടിയുടെ കുടുംബം ഉള്‍പ്പെടുന്ന ബക്കര്‍വാള്‍ സമൂഹം മേഖലയില്‍ നിന്നും പലായനം ചെയ്തിരുന്നു.