സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് ബിജെപിക്കാര്‍

single-img
17 April 2018

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ നേരിടുന്ന ജനപ്രതിനിധികള്‍ ഉള്ള പാര്‍ട്ടി ബിജെപിയെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി തിരിച്ച് കണക്കെടുക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ബിജെപിക്കാര്‍ ഒന്നാംസ്ഥാനത്തും ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തുമാണ്.

51 ബിജെപി എംപി, എംഎല്‍എമാര്‍ക്കെതിരെ ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എഡിആര്‍ (അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്) പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം എഡിആര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

ശിവസേനയിലെ 7 പേരും ത്രിണമൂല്‍ കോണ്‍ഗ്രസിലെ 6 ജനപ്രതിനിധികളും ഇത്തരം കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപിയുടെ ജനപ്രതിനിധികളാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഒന്നാമത്. 12 പേരാണ് മഹാരാഷ്ടയില്‍ നിന്നുള്ളതെങ്കില്‍ 11 ജനപ്രതിനിധികളാണ് പശ്ചിമ ബംഗാളില്‍ നിന്നും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളായിട്ടുള്ളത്.

ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭര്‍ത്തൃവീട്ടിലെ ലൈംഗികചൂഷണം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ലൈംഗിക തൊഴിലിന് ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബിജെപി എംഎല്‍എ, എംപിമാര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഉന്നാവോ, കത്വ പീഡനക്കേസുകള്‍ രാജ്യം ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നതെന്നത് ശ്രദ്ധേയമാണ്.