പടം കൂടുതലാരും കാണാത്തതുകൊണ്ടാണ് ഈ കോമാളിക്കെന്തിനാ പുരസ്‌കാരം നല്‍കിയതെന്ന ചോദ്യം ചിലരില്‍ നിന്നെങ്കിലും കേള്‍ക്കേണ്ടിവന്നത്: സുരാജ് വെഞ്ഞാറമൂട്

single-img
16 April 2018

ദേശീയപുരസ്‌കാരം നേടിത്തന്ന പേരറിയാത്തവന്‍ എന്ന സിനിമ പ്രേക്ഷകരിലേക്കെത്താത്തതില്‍ വിഷമമുണ്ടെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. ചിത്രം എല്ലാവരും കാണണമെന്നും താനതില്‍ ചെയ്തതെന്താണെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കണമെന്നും ആഗ്രഹമുണ്ട്. പടം കൂടുതലാരും കാണാത്തതുകൊണ്ടാണ് ഈ കോമാളിക്കെന്തിനാ പുരസ്‌കാരം നല്‍കിയതെന്ന ചോദ്യം ചിലരില്‍ നിന്നെങ്കിലും കേള്‍ക്കേണ്ടിവന്നതെന്നും സുരാജ് പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യങ്ങള്‍ പറയുന്നത്.

”ദേശീയപുരസ്‌കാരം നേടിത്തന്ന സിനിമ പ്രേക്ഷകരിലേക്കെത്താത്തതില്‍ വിഷമമുണ്ട്, സിനിമകണ്ടവര്‍ ‘പടം നന്നായി, അഭിനയം ഉഗ്രനായി’ എന്നെല്ലാം പറയുമ്പോള്‍ കിട്ടുന്ന സന്തോഷം തന്നെയാണ് ഒരു നടന് ഏറ്റവും വലുത്. പടം കൂടുതലാരും കാണാത്തതുകൊണ്ടാണ് ഈ കോമാളിക്കെന്തിനാ പുരസ്‌കാരം നല്‍കിയതെന്ന ചോദ്യം ചിലരില്‍ നിന്നെങ്കിലും കേള്‍ക്കേണ്ടിവന്നത്.

‘പേരറിയാത്തവര്‍’ എല്ലാവരും കാണണമെന്നും ഞാനതില്‍ ചെയ്തതെന്താണെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കണമെന്നും ആഗ്രഹമുണ്ട്. സിനിമയില്‍ ഗൗരവമുള്ള സീനുകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടുമ്പോഴെല്ലാം ഞാന്‍ ആഹ്ലാദിക്കാറുണ്ട്. എബ്രിഡ് ഷൈന്‍ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലെ വേഷം അങ്ങനെയൊന്നായിരുന്നു. ‘രണ്ടുസീനേയുള്ളൂ, ചെയ്യാന്‍ പറ്റുമോ’യെന്നാണ് സംവിധായകന്‍ ചോദിച്ചത്. തിയേറ്ററില്‍ കഥാപാത്രത്തിന്റെ പ്രകടനത്തിന് വലിയ കൈയടി കിട്ടി. പ്രകടനം നന്നായിട്ടുണ്ടെന്ന് പ്രേക്ഷകരെക്കൊണ്ട് പറയിക്കാന്‍ കഴിഞ്ഞു”, സുരാജ് പറഞ്ഞു.

എന്തുകൊണ്ട് തന്നെ സീരിയസ് വേഷങ്ങള്‍ ഏല്‍പ്പിച്ചെന്ന് ഇതുവരെ താന്‍ ആരോടും ചോദിച്ചിട്ടില്ലെന്ന് സുരാജ് വ്യക്തമാക്കി. ”ഗൗരവമുള്ള വേഷങ്ങള്‍ ഏറ്റെടുക്കാനായി മനസ്സ് ഒരുക്കമായിരുന്നു. ഒരു നടനെന്നനിലയില്‍ അതെല്ലാം എനിക്ക് അഭിമാനം നല്‍കുന്ന കാര്യമാണ്. സമയമൊത്തുവന്നപ്പോള്‍ കഥാപാത്രങ്ങള്‍ എന്നെത്തേടിവന്നെന്ന് വിശ്വസിക്കാനാണിഷ്ടം.

ദേശീയപുരസ്‌കാരം നേടിത്തന്ന ചിത്രത്തിലേക്കുപോലും എന്നെ പരിഗണിക്കാനുള്ള കാരണമെന്താണെന്ന് ഞാനിതുവരെ അതിന്റെ സംവിധായകനോട് ചോദിച്ചിട്ടില്ല. ഡോ. ബിജുവില്‍നിന്ന് കഥകേട്ടപ്പോള്‍ അതിലെ ശുചീകരണത്തൊഴിലാളികള്‍ എനിക്ക് നല്ല പരിചയമുള്ളവരാണെന്നു തോന്നി.

മിമിക്രിയുമായി നടക്കുന്ന കാലത്ത് കേരളത്തിലങ്ങോളമിങ്ങോളമുള്ള പല ബസ്സ്റ്റാന്‍ഡുകളിലും ഞാന്‍ പേപ്പര്‍ വിരിച്ച് കിടന്നുറങ്ങിയിട്ടുണ്ട്. ഉണരുമ്പോള്‍ കാണുക മിക്കവാറും ബസ്സ്റ്റാന്‍ഡ് വൃത്തിയാക്കാന്‍ വരുന്ന മുനിസിപ്പാലിറ്റി ജീവനക്കാരെയോ പത്രവില്‍പനക്കാരെയോ ആയിരിക്കും.

അവരുടെ കൂടെയിരുന്ന് എന്റെ ബസ് വരുന്നവരെ ഞാന്‍ വര്‍ത്തമാനം പറഞ്ഞിട്ടുണ്ട്. അങ്ങനെ അവരുടെ സാഹചര്യങ്ങളും ജീവിതപ്രശ്‌നങ്ങളുമെല്ലാം ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ജീവിതം നല്‍കിയ അനുഭവങ്ങളാണ് അതെല്ലാം അവതരിപ്പിക്കാനുള്ള കരുത്തുനല്‍കിയത്”, സുരാജ് വിശദീകരിച്ചു.