ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ സഞ്ജു സാംസണായിരിക്കുമെന്ന് ഷെയിന്‍ വോണ്‍

single-img
16 April 2018

ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു വി സാംസണെ പുകഴ്ത്തി സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍. ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ സഞ്ജുവായിരിക്കുമെന്ന് ഷെയിന്‍ വോണ്‍ പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു വോണിന്റെ പ്രതികരണം. സഞ്ജുവിന്റെ ബാറ്റിങ് മികവിനെ നേരത്തേയും നിരവധി പേര്‍ പ്രശംസിച്ചിരുന്നു. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് രാജസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്. 20 ഓവറില്‍ നാലിന് 217 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

സഞ്ജു പുറത്താകാതെ 92 റണ്‍സ് നേടി. ഇതില്‍ പത്ത് സിക്‌സറുകളും ഉള്‍പ്പെടും. 45 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട്. അര്‍ദ്ധ സെഞ്ച്വറിക്ക് ശേഷമാണ് സഞ്ജു ടോപ് ഗിയറിലായത്. ഉമേഷ് യാദവും ക്രിസ് വോക്‌സും അടങ്ങിയ ബാംഗ്ലൂരിന്റെ പേസ് പട സഞ്ജുവിന്റെ ബാറ്റിങ് ചൂടറിഞ്ഞു.

വിലപിടിപ്പുള്ള ബെന്‍ സ്റ്റോക്കും ജോസ് ബട്ട് ലറുമൊക്കെ സ്വന്തം നിരയിലുണ്ടായിരിക്കെ തന്നെയാണ് അവരെയൊക്കെ കാഴ്ചക്കാരാക്കി സഞ്ജു കത്തിക്കയറിയത്.