ഉന്നാവൊ പ്രതിഷേധം കെട്ടടങ്ങുന്നതിന് മുമ്പ് നിശാക്ലബ് ഉദ്ഘാടനം ചെയ്ത് സാക്ഷിമഹാരാജ്

single-img
16 April 2018

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഒരു നൈറ്റ് ക്ലബ് ഉദ്ഘാടനത്തിന് എത്തിയത് ബിജെപി എം.പി സാക്ഷി മഹാരാജ്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഉന്നാവൊ പ്രതിഷേധം കെട്ടടങ്ങുന്നതിന് മുമ്പാണ് സാക്ഷി മഹാരാജ് നൈറ്റ് ക്ലബ് ഉദ്ഘാടനം ചെയ്ത് വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.

ഉന്നാവോയില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ബിജെപിയുടെ സ്ഥലം എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാര്‍ അടക്കം അറസ്റ്റിലായതിനു പിന്നാലെയാണ് ഈ ഉദ്ഘാടന മാമാങ്കവും. ഉന്നാവ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപി കൂടിയാണ് സാക്ഷി മഹാരാജ്.

അലിഗഞ്ച് പ്രദേശത്തെ ജീത്ത് പ്ലാസയുടെ രണ്ടാം നിലയില്‍ പുതുതായി തുടങ്ങുന്ന ‘ലെറ്റസ് മീറ്റ്’ എന്ന പേരിലുള്ള നിശാക്ലബ്ബാണ് റിബണ്‍ മുറിച്ച് സാക്ഷി മഹാരാജ് ഉദ്ഘാടനം ചെയ്തത്. മുന്‍പും സദാചാര വിഷയത്തില്‍ പല പ്രസ്താവനാകളും നടത്തി വിവാദങ്ങളില്‍ പെട്ടിട്ടുണ്ട് സാക്ഷി മഹാരാജ്.

ദമ്പതികള്‍ പൊതുസ്ഥലത്തു കാണിക്കുന്ന സംസ്‌കാരശൂന്യമായ പെരുമാറ്റമാണ് ബലാത്സംഗം പെരുകാന്‍ കാരണമെന്നായിരുന്നു ഒരു പ്രസ്താവന. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പൊതുയിടങ്ങളില്‍ പരിധിവിട്ട് പെരുമാറുന്നത് മാനഭംഗത്തിന് കാരണമാകുന്നുവെന്നും അവരെ അഴിക്കുള്ളിലാക്കണമെന്നും സാക്ഷി മഹാരാജ് പറഞ്ഞിരുന്നു.

ബൈക്കില്‍ കെട്ടിപ്പിടിച്ച് യാത്ര ചെയ്യുന്ന ദമ്പതികളും കാറിലും മറ്റും നിലവിട്ടുപെരുമാറുന്നവരുമാണ് പ്രശ്‌നക്കാര്‍. മാനഭംഗക്കേസില്‍ അറസ്റ്റിലായ ദേരാസച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിമിനെയും സാക്ഷി മഹാരാജ് പിന്തുണച്ചിരുന്നു. ദേരാ മേധാവിക്കെതിരെ ഒരാള്‍ മാനഭംഗം ആരോപിക്കുമ്പോള്‍ കോടിക്കണക്കിന് പേര്‍ അദ്ദേഹം ദൈവമാണെന്ന് വിശ്വസിക്കുന്നുവെന്നായിരുന്നു സാക്ഷിയുടെ പ്രസ്താവന.