അപ്രഖ്യാപിത ഹര്‍ത്താലിനെ തള്ളി സിപിഎം: ബിജെപി ഡിജിപിക്ക് പരാതി നല്‍കി

single-img
16 April 2018

സോഷ്യല്‍ മീഡിയയിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഘടനകളില്ലാത്ത സമരങ്ങള്‍ അംഗീകരിക്കാനാകില്ല. കഠ്‌വ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം.

ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളുടെ പേരില്‍ ചിലര്‍ വര്‍ഗ്ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു. ഇത്തരം സങ്കുചിത താല്‍പര്യങ്ങളില്‍ സി.പി.എം സംഘടനകള്‍ പെട്ട് പോകരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

അതിനിടെ സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി സംഘര്‍ഷം സൃഷ്ടിച്ചതിനെതിരേ ബിജെപി സംസ്ഥാന നേതൃത്വം ഡിജിപിക്ക് പരാതി നല്‍കി. സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയ തീവ്രനിലപാടുകളുള്ള സംഘടനകള്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ബിജെപിയുടെ പരാതി.

അതേസമയം ഹര്‍ത്താലില്‍ അക്രമസംഭവങ്ങളുണ്ടായതിനെത്തുടര്‍ന്ന് മലപ്പുറത്തെ മൂന്നു തീരദേശ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേയ്ക്കാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതിനിടെ, ഹര്‍ത്താലില്‍ പൈലറ്റുമാര്‍ക്ക് എത്താന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്നു കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള രണ്ടു വിമാനങ്ങള്‍ വൈകി. 11.15നുള്ള ദോഹ വിമാനം 1.15നാണ് പുറപ്പെട്ടത്. 11.20നുള്ള ഷാര്‍ജ വിമാനം 1.40നും പുറപ്പെട്ടു. രണ്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ്.

വിമാനത്താവളത്തിലെ പ്രിപെയ്ഡ് ടാക്‌സികള്‍ ഓടാതിരുന്നതിനാല്‍ യാത്രക്കാര്‍ക്കു വേണ്ടി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തി.