Breaking News

കത്വ മാനഭംഗക്കേസില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

കത്വയില്‍ എട്ട് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ജമ്മു കശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. പിതാവിന്റെ ആവശ്യം സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

ഏപ്രില്‍ 27ന് അകം മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും പെണ്‍കുട്ടിക്കായി ഹാജരാകുന്ന അഭിഭാഷകയ്ക്കും പോലീസ് സംരക്ഷണം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് അഭിഭാഷകയായ അനൂജ കപൂര്‍ വഴിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

തങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് റാവത്ത് നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണിച്ചിരുന്നു.

ഇതിനിടെ, കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചെങ്കിലും കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയുമായി കുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ 28ലേക്ക് മാറ്റി. കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും.

അതിനിടെ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി സഞ്ജി റാമിന്റെ മകള്‍ രംഗത്തെത്തി. കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് ബലാത്സംഗക്കേസല്ല, കൊലപാതക കേസാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ നടത്തിപ്പിനായി രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു–മുസ്‌ലിം വര്‍ഗീയ ധ്രുവീകരണം രൂക്ഷമായതിനാല്‍, നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി സിഖ് വിഭാഗക്കാരായ അഭിഭാഷകരെയാണ് ഈ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ബഖര്‍വാല നാടോടിഗോത്ര വിഭാഗത്തില്‍പ്പെട്ടവരെ പ്രദേശത്തുനിന്ന് ഓടിക്കുന്നതിനായി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

സംഭവം ഇങ്ങനെ:

എട്ടു വയസ്സുകാരിയെ കാണാതായതു കഴിഞ്ഞ ജനുവരി പത്തിന്. വനത്തില്‍ മേയാന്‍ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെണ്‍കുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് പ്രതികളൊരാള്‍ തൊട്ടടുത്ത ചെറുക്ഷേത്രത്തിലേക്കു കൊണ്ടുപോയത്.

ഒരാഴ്ച തടവില്‍വച്ചു മാനഭംഗപ്പെടുത്തി. ഭക്ഷണം നല്‍കാതെ ലഹരി നല്‍കി മയക്കിയാണു പീഡനം നടത്തിയത്. മൃതപ്രായയായ പെണ്‍കുട്ടിയെ ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയില്‍ ഒളിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പ്രതികളിലൊരാള്‍ കൊലപ്പെടുത്തും മുന്‍പു പെണ്‍കുട്ടിയെ ഒരിക്കല്‍ക്കൂടി മാനഭംഗപ്പെടുത്തി. പിന്നീട്, കല്ലുകൊണ്ടു പെണ്‍കുട്ടിയുടെ തലയില്‍ ഇടിച്ചു കൊലപ്പെടുത്തി. മൃതദേഹം അടുത്തുള്ള വനത്തില്‍ ഉപേക്ഷിച്ചു.

ജനുവരി 17ന് ആണു മൃതദേഹം കണ്ടെത്തിയത്. ഈ സമയമെല്ലാം കാണാതായ പെണ്‍കുട്ടിക്കു വേണ്ടി തിരച്ചില്‍ തുടരുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണു വിവരങ്ങള്‍ പുറത്തുവന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ അഭിഭാഷകര്‍ സംഘം ചേര്‍ന്നു രംഗത്തെത്തിയതും വിവാദമായിരുന്നു.

പ്രതികളെക്കുറിച്ച് കുറ്റപത്രത്തില്‍ പറയുന്നത്:

1. സാന്‍ജിറാം അറുപതുകാരന്‍. റവന്യുവകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍. സമീപത്തെ ക്ഷേത്രത്തിലെ പൂജാരി. ബ്രാഹ്മണര്‍ താമസിക്കുന്ന പ്രദേശത്തു വന്നു വീടു വാങ്ങിയ ബഖര്‍വാല സമുദായക്കാരെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നതിനായി ഈ സംഭവങ്ങള്‍ ആസൂത്രണം ചെയ്തു. പതിനഞ്ചുകാരനായ അനന്തരവനോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ തിരക്കി എത്തിയ അമ്മയോട് അവള്‍ ഏതോ വീട്ടില്‍ സുരക്ഷിതയായി കഴിയുന്നുവെന്നും ഉടന്‍ മടങ്ങിവരുമെന്നും പറഞ്ഞു. കേസ് ഒതുക്കാന്‍ അഞ്ചുലക്ഷം രൂപ മുടക്കി.

2. പതിനഞ്ചുകാരന്‍ സമീപത്തെ സ്‌കൂളിലെ പ്യൂണിന്റെ മകന്‍. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിനു സ്‌കൂളില്‍നിന്നു പുറത്താക്കി. കുതിരകളെ മേയ്ക്കുകയായിരുന്ന പെണ്‍കുട്ടിയെ സഹായിക്കാനെന്ന ഭാവേന കൂട്ടിക്കൊണ്ടുപോയി. വായ്മൂടിക്കെട്ടി, കയ്യുംകാലും കെട്ടി മാനഭംഗപ്പെടുത്തി. പിന്നീടു സമീപത്തെ ക്ഷേത്രത്തിലെ മുറിയിലാക്കി. കൂട്ടമാനഭംഗത്തിനു ശേഷം കല്ലുകൊണ്ടു പെണ്‍കുട്ടിയുടെ തലയ്ക്ക് ഇടിച്ചതും ഈ പ്രതി.

3. പര്‍വേഷ് കുമാര്‍ പതിനഞ്ചുകാരന്റെ സഹായി. പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളിലാക്കാന്‍ സഹായിച്ചു. ലഹരിമരുന്നു വാങ്ങി ബലമായി പെണ്‍കുട്ടിക്കു നല്‍കി, മാനഭംഗപ്പെടുത്തി.

4. ദീപക് ഖജൂരിയ സ്‌പെഷല്‍ പൊലീസ് ഓഫിസര്‍. മാനസിക വിഭ്രാന്തിയുള്ള രോഗികള്‍ക്കു നല്‍കുന്ന എപിട്രില്‍ 0.5 എംജി ഗുളിക പത്തെണ്ണം വാങ്ങി മൂന്നെണ്ണം പെണ്‍കുട്ടിക്കു ബലംപ്രയോഗിച്ചു നല്‍കി. പലവട്ടം മാനഭംഗപ്പെടുത്തി. കൊലപ്പെടുത്തുന്നതിനു തൊട്ടുമുന്‍പ് ഒന്നുകൂടി മാനഭംഗം ചെയ്യണമെന്നു ശഠിച്ചു.

5. വിശാല്‍ ജംഗോത്ര സാന്‍ജി റാമിന്റെ മകന്‍. യുപിയിലെ മീററ്റില്‍ ബിഎസ്‌സി വിദ്യാര്‍ഥി. പതിനഞ്ചുകാരനായ കൂട്ടുപ്രതി അറിയിച്ചതുപ്രകാരം മീററ്റില്‍നിന്ന് കഠ്‌വയിലെത്തി. പെണ്‍കുട്ടിയെ പലതവണ മാനഭംഗപ്പെടുത്തി. തെളിവുകള്‍ നശിപ്പിക്കാനും മുന്‍കയ്യെടുത്തു.

6. തിലക് രാജ് ഹെഡ് കോണ്‍സ്റ്റബിള്‍. കേസ് ഒതുക്കുന്നതിനു സാന്‍ജിറാമുമായി കരാറുണ്ടാക്കി. അന്വേഷണ സംഘത്തോടൊപ്പം സഞ്ചരിക്കുകയും തെളിവുകള്‍ കഴിവതും ശേഖരിച്ചില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അഞ്ചുലക്ഷം രൂപയോളം സാന്‍ജിറാമില്‍നിന്നു കൈപ്പറ്റി.

7. സുരീന്ദര്‍ കുമാര്‍ സ്‌പെഷല്‍ പൊലീസ് ഓഫീസര്‍. മാനഭംഗശ്രമം നടത്തിയതായി തെളിവില്ല. ദേവാലയത്തിനുള്ളില്‍ പെണ്‍കുട്ടിയെ സൂക്ഷിച്ച ഏഴുദിവസവും (ജനുവരി 10 മുതല്‍ 17 വരെ) കുട്ടിയുടെ കുടുംബത്തിന്റെ നീക്കങ്ങളും ബഖര്‍വാല സമുദായത്തിന്റെ നീക്കങ്ങളും നിരീക്ഷിച്ച് പ്രതികളെ അറിയിച്ചു.

8. ആനന്ദ് ദത്ത് ഹീരാ നഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ. കേസന്വേഷണം പൂര്‍ണമായി പ്രഹസനമാക്കി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയില്‍ മാത്രം കുറ്റംചുമത്തി മറ്റു പ്രതികളെ മുഴുവന്‍ ഒഴിവാക്കാന്‍ കരുനീക്കി. രക്ത സാംപിള്‍ പോലും ശേഖരിക്കാതെ വിട്ടു. പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റകൃത്യം നടത്തിയത് എങ്ങിനെ എന്നു തെളിയിക്കുന്ന വിധം ചിത്രങ്ങളും എടുത്തു. അഞ്ചുലക്ഷം രൂപ കൈക്കൂലിയില്‍ നാലു ലക്ഷം രൂപയും വാങ്ങിയത് ആനന്ദ് ദത്താണ്.