കത്വ കേസ് വിചാരണ നീട്ടി: കശ്മീരിനു പുറത്തേക്കു മാറ്റണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് സുപ്രീംകോടതിയില്‍

single-img
16 April 2018

രാജ്യത്ത് വന്‍ വിവാദത്തിന് തിരികൊളുത്തിയ കത്വ ബലാത്സംഗ കൊലപാതക കേസിന്റെ വിചാരണ ഏപ്രില്‍ 28ലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ച ജില്ലാ കോടതിയാണ് കേസ് 28ലേക്ക് മാറ്റിയത്. കേസിന്റെ വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.

കേസില്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ നീക്കം. തനിക്കും കുടുംബാംഗങ്ങള്‍ക്കും കേസില്‍ ഹാജരാകുന്ന അഭിഭാഷകയ്ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

അതിനിടെ, തന്റെ ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഠ്‌വ പെണ്‍കുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്തും രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി. ജമ്മുവിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിചാരണയാണ് ഇന്ന് ആരംഭിക്കേണ്ടിയിരുന്നത്.

പ്രതിപ്പട്ടികയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്ളതിനാല്‍ അയാള്‍ക്കായി പ്രത്യേകം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ബാലാവകാശ നിയമമനുസരിച്ച് കഠ്‌വ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയിരിക്കും ഇയാളെ വിചാരണ ചെയ്യുക. മറ്റ് ഏഴു പ്രതികള്‍ക്കും എതിരായ വിചാരണ സെഷന്‍സ് കോടതിയില്‍ നടക്കും.

കേസ് നടപടികള്‍ക്കായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രണ്ട് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു–മുസ്‌ലിം വര്‍ഗീയ ധ്രുവീകരണം രൂക്ഷമായതിനാല്‍, നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി സിഖ് വിഭാഗക്കാരായ അഭിഭാഷകരെയാണ് ഈ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

ബഖര്‍വാല നാടോടിഗോത്ര വിഭാഗത്തില്‍പ്പെട്ടവരെ പ്രദേശത്തുനിന്ന് ഓടിക്കുന്നതിനായി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

സംഭവം ഇങ്ങനെ:

എട്ടു വയസ്സുകാരിയെ കാണാതായതു കഴിഞ്ഞ ജനുവരി പത്തിന്. വനത്തില്‍ മേയാന്‍ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെണ്‍കുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് പ്രതികളൊരാള്‍ തൊട്ടടുത്ത ചെറുക്ഷേത്രത്തിലേക്കു കൊണ്ടുപോയത്.

ഒരാഴ്ച തടവില്‍വച്ചു മാനഭംഗപ്പെടുത്തി. ഭക്ഷണം നല്‍കാതെ ലഹരി നല്‍കി മയക്കിയാണു പീഡനം നടത്തിയത്. മൃതപ്രായയായ പെണ്‍കുട്ടിയെ ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയില്‍ ഒളിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പ്രതികളിലൊരാള്‍ കൊലപ്പെടുത്തും മുന്‍പു പെണ്‍കുട്ടിയെ ഒരിക്കല്‍ക്കൂടി മാനഭംഗപ്പെടുത്തി. പിന്നീട്, കല്ലുകൊണ്ടു പെണ്‍കുട്ടിയുടെ തലയില്‍ ഇടിച്ചു കൊലപ്പെടുത്തി. മൃതദേഹം അടുത്തുള്ള വനത്തില്‍ ഉപേക്ഷിച്ചു.

ജനുവരി 17ന് ആണു മൃതദേഹം കണ്ടെത്തിയത്. ഈ സമയമെല്ലാം കാണാതായ പെണ്‍കുട്ടിക്കു വേണ്ടി തിരച്ചില്‍ തുടരുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണു വിവരങ്ങള്‍ പുറത്തുവന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ അഭിഭാഷകര്‍ സംഘം ചേര്‍ന്നു രംഗത്തെത്തിയതും വിവാദമായിരുന്നു.