സംഘപരിവാറിനെതിരെ പോസ്റ്റിട്ടയാളെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ആര്‍എസ്എസിന്റെ ‘വിഷ്ണു’ മോഡല്‍ സൈബര്‍ ആക്രമണം: ദീപക്കിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയും മന്ത്രി ഐസക്കും

single-img
16 April 2018

കൊച്ചി: സംഘപരിവാറിന്റെ അജണ്ടകളെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെതിരെ സൈബര്‍ ആക്രമണം നേരിടുന്ന ദീപക് ശങ്കരനാരായണന് പിന്തുണയുമായി സോഷ്യല്‍ മീഡിയ. കത്വവയിലെ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെയും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ അജണ്ടകളെയും കുറിച്ച് ദീപക് പോസ്റ്റിട്ടിരുന്നു.

ഇതിനുപിന്നാലെയാണ് ദീപക്കിനെതിരെ സൈബര്‍ ആക്രമണം നടന്നത്. തുടര്‍ന്ന് ദീപക് ജോലി ചെയ്യുന്ന എച്ച്.പി ഇന്ത്യയുടെ ഫേസ്ബുക്ക് പേജിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇത്തരം ക്യാമ്പയിനുകളില്‍ എച്ച്.പി ഇന്ത്യ വീണു പോകരുതെന്ന് പറഞ്ഞു കൊണ്ടാണ് സോഷ്യല്‍ മീഡിയ പിന്തുണയുമായി രംഗത്തെത്തിയത്.

ദീപക് ശങ്കരനാരായണന് പിന്തുണയുമായി ധനമന്ത്രി തോമസ് ഐസ്‌ക്കും രംഗത്തെത്തി. സംഘപരിവാറിന്റെ അക്രമത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ മലയാള നവ മാധ്യമങ്ങളില്‍ പൊളിച്ചു കാണിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്ന വ്യക്തിയാണ് ദീപക്ക് ശങ്കരനാരായണനെന്ന് ഐസക്ക് പറഞ്ഞു.

‘ഫാസിസ്റ്റ് സംഘടന എപ്രകാരമെല്ലാം അരികുവല്‍ക്കരിക്കപ്പെട്ട മനഷ്യന് നീതി നിഷേധിക്കാന്‍ ഇടപെടുന്നത് എന്ന് ദീപക്ക് കൃത്യമായി സമര്‍ത്ഥിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കേവലം 31 ശതമാനത്തിന്റെ പിന്തുണ കൊണ്ട് ബഹുഭൂരിപക്ഷത്തിന്റെ സാമാന്യ നീതി നിഷേധിക്കുന്നതിനെ കുറിച്ച് ദീപക്ക് പറയുന്നത്. അതിലൊരെണ്ണത്തെ പ്രത്യേകമായി എടുത്ത് ദുര്‍വ്യാഖ്യാനം ചെയ്ത് ദീപക്കിനെതിരെ വ്യക്തിഹത്യയും വ്യാജപ്രചരണവും ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ മീഡിയ വഴി സംഘികള്‍ പ്രചരിപ്പിക്കുന്നതായി അറിയുന്നു.

ദീപക്കിനെ വ്യക്തിഹത്യ ചെയ്യുക മാത്രമല്ല അയാള്‍ തൊഴിലെടുക്കുന്ന കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ചെന്ന് അയാള്‍ക്കെതിരെ ദുഷ്പ്രചരണവും ഇവര്‍ ചെയ്യുന്നു. തികഞ്ഞ ജനാധിപത്യാവകാശലംഘനവും അങ്ങേയറ്റം നീചമായ രാഷ്ട്രീയപകപോക്കലുമാണെന്ന് ഐസക്ക് പറഞ്ഞു.

നീതി നിര്‍വഹണത്തിന് തടസ്സം നില്‍ക്കുന്ന പക്ഷം ഹിന്ദു ഭീകരവാദത്തിന് വോട്ടു ചെയ്ത ആ 31 ശതമാനത്തെ വെടിവെച്ച് കൊല്ലണമെന്ന ദീപക് ശങ്കരനാരായണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയിലെ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച പോസ്റ്റ് ഇന്നലെ ദീപക് നീക്കം ചെയ്തു.

തന്റെ കുറിപ്പ് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും താന്‍ ജനാധിപത്യത്തിലാണ് അല്ലാതെ ആള്‍ക്കൂട്ടനീതിയിലല്ല വിശ്വസിക്കുന്നതെന്നും ഇന്നലെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ദീപക് വ്യക്തമാക്കി. അതേസമയം ദീപക്കിനെ പിന്തുണച്ച അധ്യാപിക ദീപ നിശാന്തിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം ഇപ്പോഴും ശക്തമായി തുടരുകയുമാണ്.