ചരിത്രം കുറിച്ച് ലവ് ആക്ഷന്‍ ഡ്രാമ

single-img
16 April 2018

വിനീത് ശ്രീനിവാസന്റെ തിരയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന ധ്യാന്‍ ശ്രീനിവാസന്‍ പിന്നീട് സഹനടനായും, നായകനായും പ്രേക്ഷകമനസില്‍ ഇടം നേടിയ താരമാണ്. ഗൂഡാലോചന എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച ധ്യാന്‍ ഏറെ താമസിയാതെ സ്വന്തം ചിത്രം പ്രഖ്യാപിച്ചു.

ശ്രീനിവാസന്റെ തന്നെ വടക്കുനോക്കിയന്ത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാകുന്ന ലവ് ആക്ഷന്‍ ഡ്രാമയുമായാണ് ധ്യാന്‍ എത്തുന്നത്. നടന്‍ അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം പുതിയൊരു ചരിത്രം കുറിച്ചിരിക്കുന്നു. ചിത്രീകരണം പോലും ആരംഭിച്ചിട്ടില്ലാത്ത സിനിമയുടെ സാറ്റലൈറ്റ് അവകാശം വിറ്റാണ് ലവ് ആക്ഷന്‍ ഡ്രാമ വീണ്ടും വാര്‍ത്തകളിലിടം നേടുന്നത്.

നിവിന്‍ പോളിയും നയന്‍ താരയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ദിനേശനും ശോഭയുമായാണ് ഇരുവരും വെള്ളിത്തിരയിലെത്തുന്നത്. എന്നാല്‍ വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമല്ല ലവ് ആക്ഷന്‍ ഡ്രാമ എന്ന് ധ്യാന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

റെക്കോര്‍ഡ് തുക നല്‍കി ഏഷ്യാനെറ്റാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് ഈ നേട്ടം. നിര്‍മ്മാതാവായ അജുവര്‍ഗീസ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഷൂട്ടിംഗ് പോലും ആരംഭിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ സാറ്റലൈറ്റ് വിറ്റു പോകുന്നത്.