ഡോക്ടര്‍മാരുടേത് ജനങ്ങളോടുളള യുദ്ധപ്രഖ്യാപനമെന്ന് സര്‍ക്കാര്‍; ചില ഡോക്ടര്‍മാര്‍ക്ക് ജോലിചെയ്യാന്‍ മടിയെന്ന് ആരോഗ്യമന്ത്രി

single-img
16 April 2018

ഡോക്ടര്‍മാരുടെ സമരം കര്‍ശനമായി നേരിടാന്‍ മന്ത്രിസഭാ തീരുമാനം. നോട്ടീസ് പോലും നല്‍കാതെയുളള സമരം ജനങ്ങളോടുളള യുദ്ധപ്രഖ്യാപനമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തി. സമരം നിര്‍ത്തിയാല്‍ ഡോക്ടര്‍മാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

അതിനിടെ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. എ.കെ റൗഫിനെയും സംസ്ഥാന സെക്രട്ടറി ഡോ.വി.ജിതേഷിനെയും ആരോഗ്യവകുപ്പ് സ്ഥലംമാറ്റി. കൂടുതല്‍ നടപടികള്‍ക്കായി നീക്കവുമുണ്ട്. പ്രോബേഷനിലുളള ഡോക്ടര്‍മാരുടെ പട്ടിക നല്‍കാന്‍ ഡി.എം.ഒമാര്‍ക്ക് നിര്‍ദേശവും നല്‍കി.

അതേസമയം ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു. ചില ഡോക്ടര്‍മാര്‍ക്ക് ജോലിചെയ്യാന്‍ മടിയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒപി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെയാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഡോക്ടര്‍ക്ക് പുറമെ മൂന്ന് ഡോക്ടര്‍മാരെ നിയമിച്ചുവെന്നും മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.

രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും 1.30 മുതല്‍ വൈകുന്നേരം ആറുവരെയുമെന്ന കണക്കില്‍ നാലര മണിക്കൂര്‍ വീതമാണ് ഡ്യൂട്ടി സമയം നിശ്ചയിച്ചത്. ഇത് റൊട്ടേഷന്‍ വ്യവസ്ഥയിലായിരിക്കും. അതിനാല്‍ ഡോക്ടര്‍മാരുടെ ജോലിഭാരം കൂടുന്നുവെന്ന വാദത്തില്‍ കഴമ്പില്ലെന്നും ചില ഡോക്ടര്‍മാര്‍ക്ക് നാലരമണിക്കൂര്‍ ജോലിചെയ്യാന്‍ മടിയാണെന്നും ആരോഗ്യമന്ത്രി വിമര്‍ശിച്ചു.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ഒപി ഡ്യൂട്ടി രാവിലെ എട്ടുമുതല്‍ വൈകിട്ട് മൂന്നുവരെയാണ്. കാര്‍ഡിയോളജി പോലെയുള്ള സ്‌പെഷ്യല്‍റ്റികള്‍ വൈകിട്ട് ആറുമണിവരെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിരാവിലെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറുന്ന ഡോക്ടര്‍മാര്‍ പലപ്പോഴും രാത്രിയാണ് അവിടെനിന്നും ഇറങ്ങുന്നത്.

കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നുണ്ട്. സമയം നോക്കാതെ ജോലി ചെയ്യുന്ന ഭൂരിപക്ഷം ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണു നാലര മണിക്കൂര്‍ ജോലി ചെയ്യാന്‍ ചില ഡോക്ടര്‍മാര്‍ മടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.