എം.ജി സര്‍വകലാശാല വി.സി സ്ഥാനത്ത് മേയ് വരെ തുടരാന്‍ ബാബു സെബാസ്റ്റ്യന് അനുമതി

single-img
16 April 2018

ന്യൂഡല്‍ഹി: എം.ജി സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ബാബു സെബാസ്റ്റ്യന് മെയ് നാലുവരെ തുടരാമെന്ന് സുപ്രീംകോടതി. യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം വൈസ് ചാന്‍സ്‌ലര്‍ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയാണ് ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയത്.

തുടര്‍ന്ന് ബാബു സെബാസ്റ്റ്യന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ബാബു സെബാസ്റ്റ്യനെ തുടരാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നേരത്തെ, ഹര്‍ജി പരിഗണിച്ച കോടതി ഇന്ന് വരെ വി.സി സ്ഥാനത്ത് തുടരാന്‍ അനുമതി നല്‍കിയിരുന്നു.

കോടതി നല്‍കിയ അനുമതി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് കേസ് വീണ്ടും പരിഗണിച്ചത്. മേയ് നാലിന് കേസില്‍ സുപ്രീം കോടതി അന്തിമവാദം കേള്‍ക്കും. 2010ലെ യു.ജി.സി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബാബു സെബാസ്റ്റ്യന്‍ അപ്പീല്‍ നല്‍കിയത്.

2010ലെ യു.ജി.സി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സര്‍വകലാശാലയിലോ, ഏതെങ്കിലും ഗവേഷണ അക്കാദമിക് സ്ഥാപനത്തിലോ പത്ത് വര്‍ഷം പ്രൊഫസറായി സേവനമനുഷ്ഠിച്ചിരിക്കണമെന്നാണ് പ്രധാന മാനദണ്ഡം. ഇതുപ്രകാരമുള്ള യോഗ്യത ബാബു സെബാസ്റ്റ്യന് ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍.

എന്നാല്‍, 19 വര്‍ഷം കോളേജ് അദ്ധ്യാപകനായും ഏഴ് വര്‍ഷം സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായും പ്രവര്‍ത്തിച്ച ശേഷമാണ് താന്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷന്‍ ടെക്‌നോളജി ഡയറക്ടറായതെന്നാണ് അപ്പീലില്‍ പറയുന്നത്.

ഇതിന് പുറമേ 18 വര്‍ഷം സര്‍വകലാശാല റിസര്‍ച്ച് ഗൈഡ് ആയിരുന്നു. പി.എച്ച്.ഡി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെ നിരവധി പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് വി.സി നിയമനത്തിനുള്ള സെലക്ഷന്‍ കമ്മിറ്റി തന്റെ പേര് പരിഗണിച്ചത്.

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷന്‍ ടെക്‌നോളജിയില്‍ 10 വര്‍ഷത്തിലേറെ താന്‍ ഡയറക്ടറായിരുന്നു. ഈ പദവി പ്രൊഫസര്‍ പദവിക്ക് തുല്യമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയത്, തനിക്ക് മുന്‍പ് ഈ പദവി വഹിച്ച മുന്‍ഗാമികളുടെ യോഗ്യതകള്‍ വിലയിരുത്തിയാണ്. അത് ഹൈക്കോടതിയുടെ ഭാഗത്തുണ്ടായ ഗുരുതരമായ പിഴവാണ്. തന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും അപ്പീലീലുണ്ട്.