എന്‍ഐഎ കോടതി ക്ലീന്‍ ചിറ്റ് നല്‍കി; മക്ക മസ്ജിദ് സ്‌ഫോടനത്തില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടു

single-img
16 April 2018

മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ടു. സ്വാമി അസീമാനന്ദ അടക്കം അഞ്ചു പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. ഹൈദരാബാദിലെ എന്‍ഐഎ കോടതിയുടേതാണ് വിധി. പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകളില്ല എന്ന കാരണത്താലാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.

രാജ്യത്തെ പ്രമുഖ മുസ്‌ലിം ആരാധനാലയമായ മക്ക മസ്ജിദില്‍ 2007 മെയ് 18നാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സ്‌ഫോടനം നടത്തിയത്. വെള്ളിയാഴ്ച ജുമുഅക്ക് എത്തിയ ഒമ്പത് വിശ്വാസികള്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബോബി എന്ന ദേവേന്ദ്ര ഗുപ്ത, അജയ് തിവാരി എന്ന ലോകേഷ് ശര്‍മ, നബാകുമാര്‍ ശര്‍മ എന്ന സ്വാമി അസീമാനന്ദ, ഭാരത് ബായ് എന്ന ഭാരത് മോഹാല്‍ രാദേശ്വര്‍, രജീന്ദര്‍ ചൗധരി എന്നിവരാണ് പ്രതികള്‍. കേസില്‍ 226 സാക്ഷികളെ ഹാജരാക്കിയിരുന്നുവെങ്കിലും ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെ 64 പേര്‍ മൊഴിമാറ്റി.

മക്ക മസ്ജിദ് സ്‌ഫോടനം ആദ്യം അന്വേഷിച്ച ഹൈദരാബാദ് പോലീസ് സംഭവത്തിന് പിന്നില്‍ ലശ്കറെ ത്വയ്യിബ പോലുള്ള ഭീകര സംഘടനകളാണെന്നാണ് പറഞ്ഞത്. ഇതിന്റെ പേരില്‍ നിരപരാധികളായ മുസ്‌ലിം യുവാക്കളെ പോലീസ് പ്രതിയാക്കുകയും ചെയ്തു.

പിന്നീട് കേസ് എന്‍.ഐ.എ ഏറ്റെടുത്തതോടെയാണ് സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ ഭീകരസംഘടനകളാണെന്ന വിവരം പുറത്തുവന്നത്. ഈ സംഘടനകളുടെ പങ്കിനെ കുറിച്ച് അസീമാനന്ദ കോടതിയില്‍ കുറ്റസമ്മത മൊഴി നല്‍കിയിരുന്നെങ്കിലും പിന്നീട് മാറ്റിപ്പറഞ്ഞു. കേസിലെ മുഖ്യ പ്രതിയായ അസിമാനന്ദക്ക് 2017 മാര്‍ച്ചില്‍ ഹൈദരാബാദ് കോടതി ജാമ്യം അനുവദിച്ചിരുന്നു.