കണിയും കൈനീട്ടവുമായി മലയാളികള്‍ക്ക് ഇന്ന് വിഷു

single-img
15 April 2018

കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലുമായി മലയാളിക്ക് ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഒത്തുചേര്‍ന്നും ആഹ്ലാദകരമായ വിഷു ആഘോഷത്തിലാണ് മലയാളി. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്.

ക്ഷേത്രങ്ങളിലും സമൃദ്ധമായ കണിയൊരുക്കി. ഭക്തര്‍ക്ക് പൂജാരിയുടെ വക വിഷുക്കൈനീട്ടവും നല്‍കി. ക്ഷേത്രങ്ങളില്‍നിന്ന് കൈനീട്ടം വാങ്ങുന്നത് ഐശ്വര്യം വര്‍ധിപ്പിക്കുമെന്ന വിശ്വാസമുള്ളതിനാല്‍ കൈനീട്ടം വാങ്ങുന്നതിനായി വലിയനിര തന്നെയാണ് ക്ഷേത്രങ്ങളില്‍ അനുഭവപ്പെട്ടത്.

വിഷുക്കൈനീട്ടവും ഒരു വര്‍ഷത്തെ ഐശ്വര്യത്തിന്റെ പ്രതീകമെന്നാണ് മലയാളിയുടെ വിശ്വാസം. സൂര്യന്‍ മീനത്തില്‍ നിന്ന് മേടരാശിയിലേക്ക് കടക്കുന്നതാണ് വിഷു. രാവും പകലും തുല്യമാകുമെന്നതാണ് ദിവസത്തിന്റെ പ്രത്യേകത.

പല പറ നെല്ല് കൊയ്താല്‍ പാതി പത്തായത്തില്‍ അടച്ച് കള്ളകര്‍ക്കിടകത്തില്‍ കാലും നീട്ടിയിരുന്ന് കഞ്ഞി കുടിച്ചിരുന്നൊരു കാലമുണ്ടായിരുന്നു മലയാളിക്ക്. നോക്കെത്താ ദൂരത്തെ വയലേലകളില്‍ വിളഞ്ഞ് തുടുത്ത പച്ചകറികള്‍ പടിഞ്ഞാറ്റയില്‍ തൂങ്ങികിടക്കുന്നതും ഓര്‍മ്മ.

ഇതിന്റെയെല്ലാം ഒരോഹരിയും പറമ്പിലെ കായ്ഖനികളും ഓട്ടുരുളിയിലേക്ക് പകര്‍ന്നാല്‍ വിഷുക്കണിക്കാഴ്ചയായി. അണിയിച്ചൊരുക്കിയ ശ്രീകൃഷ്ണ രൂപവും പ്രതിബിംബമായി കണ്ണാടിയും പിന്നെ പ്രകൃതിയുടെ സ്വര്‍ണ്ണഇതളായ കൊന്നപ്പൂവും. കണികണ്ട് കൈനീട്ടം വാങ്ങിച്ച് കോടി ഉടുത്തവര്‍ക്ക് വിഷുപുലരി ആഘോഷത്തിന്റേതാണ്.

വിഭവ സമൃദ്ധമായ സദ്യകഴിഞ്ഞാല്‍ കൂട്ടുകുടംബാംഗങ്ങള്‍ ഒന്നിച്ചുള്ള നാടന്‍ കളികള്‍. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും പകലന്തിയോളം നീളുന്ന ആഘോഷം. മാഞ്ഞുപോയവയെ മടക്കികൊണ്ടുവരാന്‍ ശ്രമിക്കുന്ന മലയാളികള്‍ക്ക് ഇന്നും ആഘോഷമാണ്.

കാലവും കാലാവസ്ഥയും മലയാളിയും ഒരുപാട് മാറി. എങ്കിലും വിഷു ഇന്നും നല്ലതുടക്കമാണ്, പുതുവര്‍ഷം സന്തോഷവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതാകാന്‍.