ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ അച്ഛന്റെ ദുരൂഹ മരണം: പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു

single-img
15 April 2018

ആലപ്പുഴ: ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കൊല്ലപ്പെട്ട ജാവേദ് ഗുലാം ശൈഖി(പ്രാണേഷ് കുമാര്‍)ന്റെ പിതാവ് ഗോപിനാഥ പിള്ളയുടെ അപകട മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രനൊപ്പം ഫൊറന്‍സിക് വിദഗ്ദരും ശനിയാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി.

അപകടവുമായി ബന്ധപ്പെട്ട് നാല് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മിനിലോറി, ടാങ്കര്‍ ലോറി, കാര്‍, കെഎസ്ഡിപിയുടെ മിനിലോറി എന്നിവയാണ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍. അപകടത്തില്‍പ്പെട്ട കാറിന് പിന്നില്‍ ഇടിച്ചുവെന്നു കരുതുന്ന ടാങ്കര്‍ലോറിയുടെ ഡ്രൈവര്‍ ചാലക്കുടി സ്വദേശി സിജീവ് പട്ടണക്കാട് പോലീസിന്റെ കസ്റ്റഡിയിലാണ്.

ഏറ്റുമുട്ടല്‍ കേസിലെ പ്രധാനസാക്ഷിയായ ഗോപിനാഥ പിള്ളയുടെ മരണത്തില്‍ പലഭാഗങ്ങളില്‍ നിന്നും സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ 11ന് വയലാറില്‍ ദേശീയപാതയില്‍ വെച്ചാണ് വാഹനാപകടത്തില്‍ ഗോപിനാഥപിള്ളയ്ക്ക് ഗുരുതര പരിക്കേറ്റത്. കൊച്ചിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്. മരണത്തില്‍ ദുരൂഹതയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും ഗോപിനാഥ പിള്ളയുടെ അഭിഭാഷകന്‍ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

2004-ലെ വ്യാജ ഏറ്റമുട്ടലില്‍ മകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട നിയമ പോരാട്ടം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ദുരൂഹ മരണം.