യോഗി ആദിത്യനാഥിന്റെ മുഖത്ത് ചെരിപ്പൂരി അടിക്കമെന്ന് കോണ്‍ഗ്രസ്; മാപ്പ് പറയണമെന്ന് ബിജെപി

single-img
15 April 2018

ബംഗളുരു: ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്‌പോര്. ഉന്നാവോ സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.യോഗിയുടെ മുഖത്ത് ചെരിപ്പൂരിയടിക്കണമെന്നാണ് ഗുണ്ടുറാവു പറഞ്ഞത്.

‘ആദിത്യനാഥ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് തീരാകളങ്കമാണ്. ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാവാനുള്ള യോഗ്യത അദ്ദേഹത്തിനില്ല. മാന്യത അവശേഷിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം രാജിവെക്കണം’, ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. കര്‍ണാടകയില്‍ വന്നാല്‍ ആദിത്യനാഥിനെ ചെരുപ്പ് കൊണ്ടടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയില്‍ പ്രതിഷേധവുമായി ബി ജെ പി രംഗത്തെത്തി. പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് യെഡിയൂരപ്പ ആവശ്യപ്പെട്ടു.