‘ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി’: ജോലിയില്‍ നിന്ന് പുറത്താക്കിയതിനുപിന്നാലെ വിഷ്ണുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

single-img
14 April 2018

കൊച്ചി: കശ്മീരിലെ കത്വവയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാര്‍ എന്നയാള്‍ക്കെതിരെ പനങ്ങാട് പോലീസ് ആണ് കേസെടുത്തത്.

ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 എ പ്രകാരമാണ് കേസെടുത്തത്. കൊട്ടാക് മഹീന്ദ്ര ബാങ്ക് പാലാരിവട്ടം ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജറായിരുന്ന വിഷ്ണുവിനെ ജോലിയില്‍ നിന്ന് ബാങ്ക് പിരിച്ചു വിട്ടതിന് പിന്നാലെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

നിരവധി സംഘടനകള്‍ വിഷ്ണുവിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. കമ്മീഷണര്‍ക്കടക്കം നല്‍കിയ പരാതിയിലാണ് പനങ്ങാട് പോലീസ് കേസെടുത്തത്. പെണ്‍കുട്ടി കൊല്ലപ്പെട്ട വാര്‍ത്ത വന്നതിന്റെ താഴെയാണ് ഇയാള്‍ വിവാദ പോസ്റ്റ് ഇട്ടത്.

‘ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനെ’ എന്നായിരുന്നു കമന്റ്. ഇത് സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബാങ്കിന്റെ ഫേസ്ബുക്ക് പോജിലും ട്വിറ്ററിലും വ്യാപകമായ പ്രതിഷേധ പോസ്റ്റുകള്‍ നിറഞ്ഞു. ബാങ്കിലെ ഫോണിലും അസഭ്യ വര്‍ഷം തുടര്‍ന്നു.

ഇതോടെയാണ് ഇയാളെ പുറത്താക്കിയതായി കാണിച്ച് ബാങ്ക് ട്വീറ്റ് ചെയ്തത്. ജോലിയില്‍ പ്രകടനം മോശമായതിനാല്‍ ഏപ്രില്‍ 11ന് വിഷ്ണു നന്ദകുമാറിനെ ജോലിയില്‍ നിന്ന് നീക്കിയതായാണ് ബാങ്കിന്റെ പ്രതികരണം. ഒരു ദുരന്തത്തെകുറിച്ച് ബാങ്കിലെ മുന്‍ ജീവനക്കാരന്‍ ഇങ്ങനെ കമന്റിട്ടതില്‍ വിഷമമുണ്ടെന്നും അയാളുടെ പ്രസ്താവനയില്‍ ശക്തമായി അപലപിക്കുന്നതായും ബാങ്ക് ട്വീറ്റില്‍ പറയുന്നു.