തെറിവിളി കേട്ട് മടുത്തു: കേരളത്തിലെ ‘വിഷ്ണുമാര്‍ക്ക്’ ഇത് കഷ്ടകാലം

single-img
14 April 2018

കശ്മീരിലെ കത്വവയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട വിഷ്ണു നന്ദകുമാര്‍ എന്ന യുവാവ് കാരണം പൊല്ലാപ്പിലായിരിക്കുകയാണ് കേരളത്തിലെ വിഷ്ണു എന്ന് പേരുള്ള ആളുകള്‍.

കമന്റിട്ട വിഷ്ണുവാണെന്ന തെറ്റിദ്ധാരണയില്‍ കേരളത്തിലെ മറ്റനേകം വിഷ്ണുമാര്‍ക്കാണ് ഫേസ്ബുക്കിലൂടെ അധിക്ഷേപവാക്കുകള്‍ കേള്‍ക്കേണ്ടി വന്നിരിക്കുന്നത്. ഏതോ ഒരുത്തന്‍ ഒരു കമന്റ് ഇട്ടെന്നു കരുതി ആ പേരുള്ള എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന മലയാളി മനസ്സിനെ പരിഹസിച്ചു കൊണ്ടാണ് പല വിഷ്ണു നന്ദകുമാര്‍മാരും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഞാനല്ല ആ പോസ്റ്റിട്ട വിഡ്ഢീ എന്നും ചിലര്‍ പോസ്റ്റില്‍ പറയുന്നു.

കത്വവയില്‍ എട്ട് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയൊട്ടുക്കും പ്രതിഷേധം അലയടിച്ച വേളയിലാണ് പെണ്‍കുട്ടി മരിച്ചത് നന്നായി എന്ന തരത്തില്‍ വിഷ്ണു നന്ദകുമാര്‍ എന്ന യുവാവ് കമന്റിട്ടത്. ക്രൂര കൊലപാതകത്തെ പിന്തുണച്ചും മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലും വിഷ്ണു ഇട്ട കമന്റിനു നേരെ വന്‍ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ടായത്.

ഇതോടെ വിഷ്ണു തന്റെ ഹോം പേജ് ഡീ ആക്ടിവേറ്റ് ചെയ്തിരുന്നു. ഇതോടെ വിഷ്ണു അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്തിരുന്ന കൊട്ടാക് മഹീന്ദ്ര ബാങ്കിനെതിരേയും സൈബര്‍ ആക്രമണമുണ്ടായി. പ്രതിഷേധം ശക്തമായതോടെ വിഷ്ണുവിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ട് ബാങ്കും ഫെയ്‌സബുക്കില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇന്ന് വിഷ്ണുവിനെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.