അമേരിക്കയും സഖ്യകക്ഷികളും സിറിയയ്ക്കു നേരെ ആക്രമണം തുടങ്ങി

single-img
14 April 2018

ഡൂമയില്‍ രാസായുധാക്രമണം നടത്തിയെന്ന ആരോപണം നേരിടുന്ന സിറിയക്കെതിരെ അമേരിക്കയും സഖ്യകക്ഷികളും വ്യോമാക്രമണം തുടങ്ങി. രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് ആക്രമണം. യു.എസ്, യു.കെ,ഫ്രാന്‍സ് സംയുക്ത സേനയാണ് ആക്രമണം നടത്തുന്നത്. ആക്രമണ വാർത്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിക്കുകയും ചെയ്തു. സിറിയയിലെ രാസായുധ സംഭരണ കേന്ദ്രങ്ങൾ മുഴുവൻ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

സിറിയയിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദമാസ്‌ക്കസില്‍ നിന്ന് വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ദമാസ്‌ക്കസിലെ സിറിയന്‍ സയന്റിഫിക് റിസര്‍ച്ച് കേന്ദ്രം ആക്രമിക്കപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ സിറിയിന്‍ ഒബ്‌സര്‍ വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ഘൗട്ടയിലെ ഡൂമയില്‍ ശനിയാഴ്ചനടന്ന രാസായുധാക്രമണത്തില്‍ എഴുപതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

സിറിയന്‍ സൈന്യം വിമതര്‍ക്കുനേരേ നേരത്തേയും രാസായുധം പ്രയോഗിച്ചതായി ആരോപണമുണ്ട്. 2013 ഓഗസ്റ്റില്‍ കിഴക്കന്‍ ഘൗട്ടയില്‍ നടന്ന വിഷവാതകപ്രയോഗത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അന്വേഷിച്ച യു.എന്‍.മിഷന്‍ വിഷവാതകമായ സരിന്‍ പ്രയോഗിച്ചതായി സ്ഥിരീകരിച്ചിരുന്നെങ്കിലും ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമാക്കിയില്ല. 2017 ഏപ്രിലില്‍ ഖാന്‍ ശൈഖുനിലുണ്ടായ വിഷവാതക പ്രയോഗത്തില്‍ 80 പേര്‍ മരിച്ചിരുന്നു.