കത്വ സംഭവത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ കുറ്റകരമായ മൗനം തലക്കെട്ടുകളാക്കി രാജ്യാന്തര മാധ്യമങ്ങള്‍: അപലപിച്ച് യുഎന്നും

single-img
14 April 2018

കത്വ പീഡനത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ രംഗത്ത്. എട്ടുവയസുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത് ഭയാനകമെന്ന് അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകരുമായുള്ള ദൈനംദിന കൂടികാഴ്ചക്കിടയാണ് കത്വ ബലാത്സംഗത്തെ എക്യരാഷ്ട്രസഭ അപലപിച്ചത്. ഇന്ത്യയില്‍ നടന്ന ദാരുണസംഭവം രാജ്യാന്തര മാധ്യമങ്ങള്‍ തലക്കെട്ടുകളാക്കുന്നതിനിടെയാണ് യുഎന്നിന്റെ പ്രതികരണം. സംഭവത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ കുറ്റകരമായ മൗനമാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിഷയമാക്കുന്നത്.

അതേസമയം, കത്വ ബലാത്സംഗത്തില്‍ രാജ്യത്ത് പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ്. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ച രണ്ട് ബി.ജെ.പി മന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. കത്വ, ഉന്നാവ പീഡനക്കേസുകളില്‍ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുമ്പോള്‍ മൗനം പാലിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവില്‍ പ്രതികരിച്ചിരുന്നു.

കത്വ, ഉന്നാവ പീഡനക്കേസുകളിലെ പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോദി വ്യക്തമാക്കി. ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം ആളിക്കത്തിയപ്പോള്‍ മൗനം പാലിച്ചിരുന്ന മോദിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതിനിടെ കത്വ പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ പി.ഡി.പി. ബിജെപി ബന്ധം ഉലയുകയാണ്. കേസിലെ പ്രതികളെ അനുകൂലിച്ച രണ്ട് മന്ത്രിമാര്‍ രാജിവച്ചെങ്കിലും, ബിജെപി സഖ്യം ഉപേക്ഷിക്കണമെന്നാണ് ഒരുവിഭാഗം പിഡിപി നേതാക്കളുടെ ആവശ്യം.

ഇന്ന് ചേരുന്ന പിഡിപി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. എന്നാല്‍, സഖ്യത്തില്‍ പ്രശ്‌നങ്ങളിലെന്നും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ജമ്മുകശ്മീരിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് വ്യക്തമാക്കി.