കേരള തനിമയോടെ വിഷു ആഘോഷിക്കാന്‍ യു.എ.ഇ വിപണിയും സജീവമായി

single-img
14 April 2018

യു.എ.ഇ: കേരള തനിമയോടെ വിഷു ആഘോഷിക്കാന്‍ വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ ഒരുക്കി യു.എ.ഇ വിപണിയും സജീവമായി. മലയാളക്കരയുടെ നിറവും മണവുമുള്ള പച്ചക്കറികള്‍ വിപണികളില്‍ നിറഞ്ഞു. കച്ചവട സ്ഥാപനങ്ങള്‍ വിഷു പ്രമാണിച്ച് വന്‍ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍ മുതല്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വരെ വിലകുറവുണ്ട്.

ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറിക്കടകള്‍, തുണിക്കടകള്‍, പലഹാരക്കടകള്‍, വിഷുസദ്യയുള്ള ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് വിഷുക്കാലത്ത് കൂടുതല്‍ മലയാളികളെത്തുന്നത്. യു.എ.ഇ മാര്‍ക്കറ്റില്‍ കൂടുതലും ഇന്ത്യയില്‍ നിന്നുള്ള പച്ചക്കറികളാണ് എത്തുന്നത്.

വിഷുസദ്യയ്ക്ക് ഏറെ ആവശ്യമായ ചേന, കോവയ്ക്ക, പച്ചക്കായ, പടവലം, മുരിങ്ങ, എന്നിവയെല്ലാം ഇപ്പോള്‍ ഇന്ത്യയില്‍ നിന്നാണ് എത്തുന്നത്. കൊന്നപ്പൂവിന് കിലോ 57 ദിര്‍ഹമാണ് വില. കേരളത്തില്‍ നിന്നാണ് പ്രധാനമായും കൊന്നപ്പൂവെത്തുന്നത്. ഭക്ഷണശാലകളുടെ വിഷുസദ്യാ ബോര്‍ഡുകള്‍ എല്ലാം ഒരുക്കി ഹോട്ടലുകാര്‍ ഇത്തവണ കൂടുതലാളുകളെ ആകര്‍ഷിക്കാനുള്ള പദ്ധതിയൊരുക്കുകയാണ്.

വെള്ളി കസവുള്ള മുണ്ടുകളും സാരികളും ചുരിദാറുകളുമെല്ലാം വിഷു വിപണി ലക്ഷ്യമിട്ട് കടകളിലെത്തിയിട്ടുണ്ട്. പടക്കവും വിഷുപക്ഷിയും ഒഴിച്ചുള്ള എല്ലാവിധ സാധന–സാമഗ്രികളും വിപണികളില്‍ നിരന്ന് കഴിഞ്ഞു. കൂട്ടായ്മയുടെയും, സംഘടനകളുടെയും വിഷുവാഘോഷങ്ങളും വരും ദിനങ്ങളില്‍ നടക്കും.