കണക്ക് തെറ്റിച്ചു; എട്ടു വയസ്സുകാരന്റെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി

single-img
14 April 2018

കണക്ക് തെറ്റിച്ച വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരത. എട്ടു വയസ്സുകാരന്റെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ കര്‍ജാത് ജില്ല പരിഷത്ത് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കുട്ടിയുടെ ശ്വാസനാളിക്കും അന്നനാളത്തിനും ഗുരുതരമായി പരുക്കേറ്റു. കുട്ടിക്കു സംസാരശേഷി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

കുട്ടിയുടെ കഴുത്തില്‍നിന്ന് രക്തം വരുന്നതും വേദനയാല്‍ പുളയുന്നതും കണ്ട് സഹപാഠികള്‍ പുറത്തേക്കോടിയതോടെയാണ് അധികൃതര്‍ വിവരമറിഞ്ഞത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ പുണെ സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ ഐസിയുവിലുള്ള കുട്ടിയുടെ നിലയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അധ്യാപകനെതിരെ കേസെടുത്തെങ്കിലും ഇതുവരെ പിടികൂടിയിട്ടില്ല. കുട്ടിയുടെ നില മെച്ചപ്പെടുന്നതിനായി കാത്തിരിക്കുകയാണെന്നും മൊഴി രേഖപ്പെടുത്തിയതിനുശേഷം കൂടുതല്‍ നടപടികളിലേക്കു കടക്കുമെന്നും പൊലീസ് അറിയിച്ചു.