ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിന് മൂന്ന് ദിവസം മുമ്പ്; പോലീസിന്റെ വാദങ്ങള്‍ പൊളിച്ച് ഡോക്ടര്‍മാരുടെ മൊഴിയും പുറത്ത്

single-img
14 April 2018

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കേ യുവാവ് മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിന് മൂന്ന് ദിവസം മുമ്പാണെന്ന് യുവാവിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. വെള്ളിയാഴ്ച നടന്ന സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് പരിക്കേറ്റതെന്ന പൊലീസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്.

പൊലീസ് ഭാഷ്യം പ്രകാരം ശ്രീജിതിന് പരുക്കേറ്റത് ആറാംതീയതിയിലെ സംഘര്‍ഷത്തിലാണ്. അതുപക്ഷെ ഉച്ചക്ക് പന്ത്രണ്ടരക്ക് മുന്‍പായിരുന്നു. എസ്പിയുടെ സ്‌ക്വാഡ് ദേവസ്വംപടിയിലെ വീട്ടില്‍കയറി ശ്രീജിതിനെ പിടികൂടിയത് അന്ന് രാത്രി 11മണിക്കുശേഷമായിരുന്നു.

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കണ്ടെത്തിയത് പോലെയുള്ള മാരകമായ പരുക്ക് ഉച്ചക്ക് മുന്‍പ് ഏറ്റിരുന്നെങ്കില്‍ ഈ സമയം വരെ ചികില്‍സയില്ലാതെ പിടിച്ചുനില്‍ക്കാനാവില്ല എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്.
കുടലിനാണ് മാരകമായി പരിക്കേറ്റത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്രീജിത്തിന്റെ ദേഹത്ത് പതിനെട്ടോളം പരിക്കുകളുണ്ട്. ചെറുകുടല്‍ മുറിഞ്ഞു പോകാറായ നിലയിലുമായിരുന്നു. അതേസമയം, പൊലീസ് കസ്റ്റഡിയില്‍ വച്ചു തന്നെയാണ് ശ്രീജിത്തിന് മര്‍ദ്ദനമേറ്റതെന്ന തരത്തിലുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ട്.

തങ്ങള്‍ ശ്രീജിത്തിനെ പിടികൂടി കൈമാറുമ്പോള്‍ ശ്രീജിത്തിന് അവശതയോ ദേഹത്ത് പരിക്കോ ഉണ്ടായിരുന്നില്ലെന്ന് റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ പൊലീസുകാര്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കൊലപാതകത്തിന് പുറമേ ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വച്ചതിനും കേസെടുത്തു.

ഐപിസി സെക്ഷന്‍ 343 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വാസുദേവന്റെ വീടാക്രമിച്ചതില്‍ ശ്രീജിത്ത് പങ്കാളിയാണെന്ന് സ്ഥിരീകരിക്കുന്ന മൊഴി ലഭിക്കാത്ത സാഹചര്യത്തിലാണ് കേസെടുത്തത്. ശ്രീജിത്തിന്റെ കാര്യത്തില്‍ നേരത്തെ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്.

പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി അന്വേഷണസംഘം നേരിട്ടത്തി രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കുറ്റകൃത്യങ്ങളുടെ വകുപ്പുകളില്‍ മാറ്റം വരുത്തിക്കൊണ്ട് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയത്. ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വച്ചതിനാണ് പോലീസിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വാസുദേവന്റെ വീടാക്രമിച്ച സംഭവത്തില്‍ ശ്രീജിത്ത് പ്രതിയാണെന്ന് തെളിയിക്കുന്ന മൊഴി ലഭ്യമായില്ലെങ്കില്‍ പറവൂര്‍ സിഐ അടക്കമുള്ള പോലീസുകാരുടെ നില കൂടുതല്‍ പരുങ്ങലിലാവുമെന്നാണ് വിലയിരുത്തല്‍.